മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്ക് മുന്നില്‍ ബോംബ് നിറച്ച വാഹനം എത്തിച്ച കേസില്‍ എന്‍ ഐഎ മുംബൈ പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ മെയ്നെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസിലെ ക്രൈം ബ്രാഞ്ചില്‍ ഇന്‍സ്പെക്ടറാണ് സുനില്‍ മെയ്നെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തെ അറസ്റ്റിലായ ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന മുംബൈ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സച്ചിന് വാസെ, പൊലീസ് എപിഐ റിയാസ് കാസി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനില്‍ മെയ്നെയെ ചോദ്യം ചെയ്തത്.
റിയാസ് കാസിയും സച്ചിന് വാസെയും തമ്മില്‍ ചക്കാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സുനില്‍ മെയ്നും ഉണ്ടായിരുന്നു. സച്ചിന് വാസെയുടെ കയ്യില്‍ നിന്നും കണ്ടെടുത്ത സിം കാര്‍ഡുകള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിലും സുനില്‍ മെയ്ന്‍ ഉണ്ടായിരുന്നു.
മന്‍സുഖ് ഹിരന്‍ എന്ന കാറുടമയോട് ആന്റിലിയ ബോംബ് ഭീഷണി കേസിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനും സുനില്‍ മെയ്ന്‍ നിര്‍ബന്ധിച്ചതായും പറയുന്നു.
നേരത്തെ എന്‍ ഐഎ കേസുമായി ബന്ധപ്പെട്ട് ബനേലി എന്ന ഒരു ഇറ്റാലിയന്‍ നിര്‍മ്മിത സ്പോര്‍ട്സ് ബൈക്ക് കണ്ടെടുത്തു. ദാമനില്‍ മീന ജോര്‍ജ്ജ് എന്ന സ്ത്രീയുടെ പേരിലാണ് ഈ ബൈക്ക് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ഈ സ്ത്രീയാണ് സച്ചിന് വാസെയെ ആഡംബര ഹോട്ടലില്‍ നോട്ടെണ്ണുന്ന മെഷീനുമായി ചെന്ന് കൂടിക്കാഴ്ച നടത്തുകയും പിന്നീട് അപ്രത്യക്ഷയാവുകയും ചെയ്തത്. മീന ജോര്‍ജ്ജ് ഇപ്പോള്‍ എന്‍ ഐഎ കസ്റ്റഡിയിലാണ്. ഈ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് സച്ചിന് വാസെ ഉപയോഗിച്ച പച്ച സ്കോര്‍പിയോ, വെളുത്ത ഇന്നോവ, രണ്ട ബ്ലാക്ക് മെഴ്സിഡിസ് ബെന്‍സ് കാറുകള്‍, ഒരു ലാന്റ് ക്രൂസര്‍ പ്രാഡോ, ബ്ലാക്ക് വോള്‍വോ, വെളുത്ത മിത്സുബിഷി ഔ്ട്ട്ലാന്റര് എന്നിവയും എന്‍ ഐഎ കണ്ടെത്തി. ഈ വാഹനങ്ങളെല്ലാം ബോംബ് ഗൂഡാലോചനയ്ക്ക് ഉപയോഗിച്ചിരുന്നു. മിത്തി പുഴയില്‍ നിന്നും സച്ചിന് വാസെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഉപേക്ഷിച്ച കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, പ്രിന്റര്‍, രണ്ട് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, സിസിടിവി ഡിഡിആറുകള് എന്നിവ കണ്ടെടുത്തിരുന്നു.
ഫിബ്രവരി 25നാണ് മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്ക് മുന്പില് സ്ഫോകടവസ്തുക്കളായ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച പച്ച സ്കോര്‍പിയോ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിനുള്ളില്‍ ഇസ്ലാമിക തീവ്രവാദികള്‍ എഴുതിയതായി സംശയിച്ച കത്തുകളും കണ്ടെത്തിയിരുന്നു. പിന്നീട് മാര്‍ച്ച് അഞ്ചിന് ഉപേക്ഷിക്കപ്പെട്ട പച്ച സ്കോര്‍പിയോ കാറിന്റെ ഉടമ മന്‍സുഖ് ഹിരനെ കല്‍വ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും തന്റെ ഭര്‍ത്താവിനെ സച്ചിന് വാസെ എന്ന ക്രൈംബ്രാഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ കൊലപ്പെടുത്തിയതാണെന്ന് മന്‍സുഖ് ഹിരന്റെ ഭാര്യ ആരോപിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടായി.
തുടര്‍ന്ന് കേസേറ്റെടുത്ത എന്‍ ഐഎ സച്ചിന് വാസെയെ അറസ്റ്റ് ചെയ്തു. കേസന്വേഷണത്തില്‍ പിഴവുണ്ടെന്നാരോപിച്ച് ശിവസേന സര്‍ക്കാര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെ സ്ഥലം മാറ്റി. ഇതോടെ പരംബീര്‍ സിംഗ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. മാസം തോറും ബലംപ്രയോഗിച്ച് 100 കോടി വീതം പിരിച്ചെടുക്കാന്‍ മഹാരാഷ്ട്ര പൊലീസിനോട് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നതായിരുന്നു ആരോപണം. വൈകാതെ എന്സിപിക്കാരന് കൂടിയായ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: