ന്യൂദല്‍ഹി : രാജ്യത്ത് ഓക്‌സിജന്‍ കണ്ടെയ്‌നറുകളും മറ്റും എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായം ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അവശ്യ വസ്തുവായി ഓക്്‌സിജന്‍ ടാങ്കര്‍ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളെ എത്തിച്ചു നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17 ഗ്ലോബ് മാസ്റ്റര്‍ ഉപയോഗപ്പെടുത്തിയാണ് ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്നത്. നിലവില്‍ രണ്ട് വിമാനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അവശ്യമെങ്കില്‍ ഇനിയും വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ ലഡാക്കില്‍ കോവിഡ് ടെസ്റ്റിങ് സംവിധാനങ്ങള്‍ വ്യോമസേന എത്തിച്ചു നല്‍കിയിരുന്നു. സായുധ സേനയോട് കോവിഡ് രണ്ടാം തരംഗത്തില്‍ ഭാഗമാകാന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നുമാണ് രാജ്‌നാഥ് സിങ് വിളിച്ച വെര്‍ച്വല്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കോവിഡ് പ്രതിരോധത്തിന് സജ്ജാമാണെന്നും പ്രതിരോധ മരുന്നുകളും സാധനങ്ങളും എത്തിക്കാന്‍ വിമാനങ്ങള്‍ വിട്ടുനല്‍കുമെന്ന് വ്യോമസേന അറിയിക്കുകയായിരുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളിലൊന്നാണ് സി-17 ഗ്ലോബ് മാസ്റ്റര്‍. ടാങ്കുകളും ഹെലികോപ്ടറുകളും വലിയ ട്രക്കുകളുംവരെ കൊണ്ടുപോകാനുള്ള ശേഷിയുള്ളവയാണ് ഇത്തരം വിമാനങ്ങള്‍. പരുക്കന്‍ റണ്‍വേയില്‍പോലും വളരെ എളുപ്പത്തില്‍ പ്രശ്‌നമൊന്നുമില്ലാതെ ഇറക്കാന്‍ കഴിയും. കോവിഡിന്റെ പ്രാരംഭത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും ഈ വിമാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതക്കുറവ് ഇല്ലാതാക്കുന്നതിനായി ഇന്തയ്‌ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യയും ചൈനയും രംഗത്ത് എത്തി. അടിയന്തിര സാഹചര്യത്തില്‍ രാജ്യത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം റഷ്യയില്‍ നിന്നും 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: