കളമശേരി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കാനുള്ള ആശുപത്രിയായി മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് കിട്ടുന്ന വിവിധ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുമെന്നാണ് പരാതി.
ആരോഗ്യ മന്ത്രി അറിയിച്ചതു പോലെ കൊവിഡ് ചികിത്സക്കു വേണ്ടി പ്രത്യേകം സജ്ജമാക്കിയ ആലുവ ജില്ലാ ആശുപത്രി, ഫോര്‍ട്ടുകൊച്ചി ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയോടൊപ്പം കൊവിഡ് ചികിത്സയില്‍ തീവ്രപരിചരണം ഉപയോഗപ്പെടുത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
കൊവിഡ് ചികിത്സക്ക് ഉപയോഗിച്ചിരുന്നതിനാല്‍ ക്യാന്‍സര്‍ സെന്ററിലെ ക്യാന്‍സര്‍ ചികിത്സയും, മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ് വിദ്യര്‍ഥികളുടെ അദ്ധ്യയനവും പരിശീലനവും വീണ്ടും പൂര്‍ണമായി വരുന്നതേയുള്ളു. ജനറല്‍ മെഡിസിന്, ശ്വാസകോശ വിഭാഗം എന്നിവയുടെ ഒപി നിര്‍ത്തി വച്ചിരിക്കുകയാണ്. മറ്റ് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പോലെ കൊവിഡ് രോഗികള്‍ക്കും കൊവിഡ് ഇതര രോഗികള്‍ക്കും ചികിത്സ നല്കുന്ന ആതുരാലയമാക്കി നിലനിര്‍ത്തണമെന്ന് പ്രസിഡന്റ് ഡോ. ഉന്മേഷും, സെക്രട്ടറി ഡോ. ഫൈസല്‍ അലിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: