ചെങ്ങന്നൂരില്‍ ഒരു കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്. കൊവിഡ് ബാധിച്ച് അവശനിലയിലായ ഈ ഹതഭാഗ്യനെയുംകൊണ്ട് ബന്ധുക്കള്‍ ഒന്‍പത് മണിക്കൂറാണ് വിവിധ ആശുപത്രികള്‍തോറും കയറിയിറങ്ങിയത്. എല്ലായിടത്തുനിന്നും അതിക്രൂരമായ പെരുമാറ്റമായിരുന്നു. എങ്ങുനിന്നും ചികിത്സ ലഭിക്കാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. കൊവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ചും, ആരോഗ്യസംവിധാനത്തിന്റെ മികവിനെക്കുറിച്ചും ഊറ്റംകൊള്ളുന്നതാണ്. കൊവിഡിന്റെ രണ്ടാം തരംഗം ഭീഷണമായി തുടരുമ്പോഴും ഈ അവകാശവാദത്തിന് മാറ്റമില്ല. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കൊടിയ അനാസ്ഥയിലേക്കും, ചില ജീവനക്കാരുടെ കണ്ണില്‍ച്ചോരയില്ലാത്ത സമീപനത്തിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഭാനുസുതന്‍ പിള്ളയുടെ മരണം. പത്ര ഏജന്റുകൂടിയായിരുന്ന ഈ മനുഷ്യന്റെ ദാരുണാന്ത്യം നമ്മുടെ പല മാധ്യമങ്ങള്‍ക്കും ശ്രദ്ധേയമായ വാര്‍ത്തയാക്കണമെന്ന് തോന്നിയില്ല. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ട് മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ടാകുന്ന കൊവിഡ് മരണങ്ങള് ആവര്‍ത്തിച്ച് വാര്‍ത്തയാക്കുന്ന മാധ്യമങ്ങളാണ് രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഈ ഇരട്ടത്താപ്പ് കാണിച്ചിരിക്കുന്നത്.
ഭാനുസുതന്‍ പിള്ളയ്ക്ക് കൊവിഡ് ചികിത്സ ലഭിക്കാതിരിക്കുകയല്ല, ചികിത്സ നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും, ആരോഗ്യവകുപ്പിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമായി മൂന്നുതവണയാണ് മരണത്തോട് മല്ലടിക്കുന്ന രോഗിയെ എത്തിച്ചത്. മൂന്നിടത്തും ചികിത്സ നിഷേധിക്കുകയായിരുന്നു. മരിച്ചയാളുടെ ബന്ധുവായ ഗ്രാമപഞ്ചായത്തംഗവും, പഞ്ചായത്ത് പ്രസിഡന്റു തന്നെയും മുന്‍കൈയെടുത്തിട്ടും ആരോഗ്യവകുപ്പിലുള്ളവര്‍ കനിഞ്ഞില്ല. അധികാരവും പിടിപാടുമുള്ളവരുടെ സ്ഥിതി ഇതാണെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാവുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ എറണാകുളം സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗി കൈക്കൂലി കൊടുക്കാനില്ലാതെ ജീവനുവേണ്ടി കേഴുന്ന ദയനീയാവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഈ അവസ്ഥ കൂടുതല്‍ ഭീകരമായിരിക്കുന്നു വെന്നാണ് ചെങ്ങന്നൂരിലെ കൊവിഡ് രോഗിയെ മരണത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ നടപടികളില്‍നിന്ന് മനസ്സിലാവുന്നത്.
കൊവിഡ് രോഗിയായ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുകയും, ജനങ്ങളെ ഒന്നടങ്കം നാണംകെടുത്തുകയുമുണ്ടായി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് ഉത്തരവാദിത്തം കയ്യൊഴിയുകയാണ് അന്ന് ആരോഗ്യമന്ത്രി ചെയ്തത്. അപ്പോഴും ആരോഗ്യ സംവിധാനത്തിന്റെ മേന്മയെക്കുറിച്ചുള്ള ഗിരിപ്രഭാഷണം അവര്‍ തുടര്‍ന്നു. ചെങ്ങന്നൂരിലെ സംഭവത്തോട് ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കൊവിഡ് ബാധിച്ച കാര്യം മറച്ചുപിടിച്ച് ജനങ്ങളുമായി ഇടപെട്ടത് വിമര്‍ശന വിധേയമായപ്പോള്‍ അധികാരത്തിന്റെ ബലത്തില്‍ അത് നിഷേധിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്തത്. ചെങ്ങന്നൂരിലെ കൊവിഡ് രോഗിയുടെ മരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞും, തെറ്റിദ്ധാരണ പരത്തിയും രക്ഷപ്പെടാന്‍ ഭരണാധികാരികളെയും ആരോഗ്യവകുപ്പ് അധികൃതരെയും അനുവദിക്കരുത്. ഭാനുസുതന്‍ പിള്ളയുടേത് ഒരു ‘മെഡിക്കല്‍ മര്‍ഡര്‍’ തന്നെയാണ്. ഇതിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം. അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: