പള്ളുരുത്തി: കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ പള്ളുരുത്തി ഇ.കെ. നാരായണന് സ്ക്വയറില്‍ നടത്തിയ കൊവിഡ് വാക്സിനേഷന് ക്യാമ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനം തടിച്ചുകൂടിയത് ആശങ്കയ്ക്കിടയാക്കി. നഗരസഭ 21-ാം ഡിവിഷനിലെ താമസക്കാര്‍ക്കു വേണ്ടി പള്ളുരുത്തി ഇ.കെ. സ്ക്വയറിലാണ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു ദിവസം 150 പേര്‍ക്ക് മാത്രമാണ് വാക്സിനേഷന് സൗകര്യമെന്നിരിക്കെ നാട്ടുകാര്‍ കൂട്ടത്തോടെ ക്യാമ്പിലേക്ക് എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
പള്ളുരുത്തിയുടെ പ്രധാന പോയിന്റില്‍ നടത്തിയ ക്യാമ്പിനായി കൊച്ചി കോര്‍പറേഷനും മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. രാവിലെ ഏഴുമുതല്‍ ടോക്കണ്‍ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ടോക്കണ്‍ വാങ്ങാനായി പുലര്‍ച്ചെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ എത്തിതുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പോലീസെത്തി കൂട്ടംകൂടിയവരെ പറഞ്ഞു വിടാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ നാട്ടുകാര്‍ പോലീസിനു നേരെ തിരിഞ്ഞു.
പ്രായമായവരും, രോഗികളും, കൈക്കുഞ്ഞുങ്ങളുമായിവരെ ആളുകള്‍ വാക്സിനേഷന് ക്യാമ്പിലെത്തിയിരുന്നു. കൂട്ടം കൂടിയവരെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്. അതേ സമയം ക്യാമ്പിലെത്തിയവരോട് സംഘാടകര്‍ പക്ഷാപതപരമായാണ് ഇടപെട്ടതെന്ന് വാക്സിനേഷനായി എത്തിയവര്‍ ആക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: