വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ആറുവരി ദേശീയപാത നിര്‍മാണത്തിന് സാധന സാമഗ്രികള്‍ നല്കുന്ന കരാറുകാരനെ വടക്കഞ്ചേരി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഡിവൈഎസ്പി അന്വേഷണം തുടങ്ങി. മര്‍ദ്ദനമേറ്റ തൃശൂര്‍ പാമ്പൂര്‍ സ്വദേശി തോമസ് പടിക്കലയില്നിന്നും ഇന്നലെ മൊഴിയെടുത്തു. മര്‍ദ്ദനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ 48 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് നല്കാന് ആലത്തൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇടതുചെവിക്ക് മര്‍ദ്ദനമേറ്റ കരാറുക്കാരന് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കേള്‍വി തകരാര്‍ ഉള്‍പ്പെടെയുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കരാര്‍ കമ്പനി (കെഎംസി) യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ചുവട്ടുപ്പാടത്ത് വെച്ചായിരുന്നു മര്‍ദ്ദനം.കരാര്‍ കമ്പനിക്ക് മെറ്റല്‍, മണല്‍, ടാര്‍ മിക്സര്‍ തുടങ്ങിയ മെറ്റീരിയല്‍ നല്കിയ വകയില്‍ ഒരു കോടിയോളം രൂപ കരാര്‍ കമ്പനി തോമസിന് നല്‍കാനുണ്ട്. കമ്പനി അധികൃതരോട് ഇത് ചോദിക്കാനെത്തിയപ്പോള്‍ തര്‍ക്കം ഉണ്ടാവുകയും ഇതിനിടെ പോലീസ് ഉദ്യോഗസ്ഥന് തള്ളുകയുമായിരുന്നു. ഫോണില്‍ മറ്റൊരാളെ വിളിക്കുന്നതിനിടെ ചെവിക്ക് അടിക്കുകയും ചെയ്തെന്നാണ് എസ്പിക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
വടക്കഞ്ചേരി ഭാഗത്ത് പണി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന് ഭീക്ഷണിപ്പെടുത്തിയതായും പറയുന്നു. അതേസമയം, കുടിശ്ശിക തുക തവണകളായി നല്‍കാമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞതായി തോമസ് പറഞ്ഞു. എന്നാല്‍, നാലുവര്‍ഷമായി കമ്പനി ഇത്തരത്തില്‍ പല ഉറപ്പുകളും നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും പാലിച്ചിട്ടില്ല.
ഈ ആഴ്ച കൂടി കാത്തിരുമെന്ന് തോമസ് പറഞ്ഞു. അതേസമയം, പണി നീട്ടിക്കൊണ്ടുപോയി മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്. ഇതിനാലാണ് കുടിശ്ശികക്കാര്‍ സംഘടിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: