മുംബൈ: രാഷ്ട്രീയ മേധാവിത്വമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധിപനായ ശിവസേന നേതാവ് ഉദ്ധവ് താക്കറേ എന്നും കൊതിച്ചത്. പക്ഷെ അതിന് ഈ നിര്‍ണ്ണായക കോവിഡ് അതിവ്യാപനനാളുകളില് ഇരയായതോ ദാമനിലെ ബ്രക് ഫാര്‍മ ഉടമയും.
വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഉല്പാദിപ്പിക്കുന്ന ബ്രക് ഫാര്‍മയ്ക്ക് മരുന്ന് മഹാരാഷ്ട്രയില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഉദ്ധവ് താക്കറെയെയും എന്‍സിപി വക്താവ് നവാബ് മാലിക്കിനെയും ചൊടിപ്പിച്ചിരിക്കുന്നത്. റെംഡെസിവിര്‍ മരുന്ന് ക്ഷാമവും പ്രതിസന്ധിയും രൂക്ഷമാക്കി നിലനിര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തലാണ് ഇരുവരുടെയും ലക്ഷ്യം. കോവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന ബ്രക് ഫാര്‍മയുടെ റെംഡെസിവിര്‍ മഹാരാഷ്ട്രയ്ക്ക് വിതരണം ചെയ്തുകൂടേ എന്ന അഭ്യര്‍ത്ഥനയുമായി ബിജെപി നേതാക്കള്‍ ബ്രക് ഫാര്‍മ ഉടമയെ ചെന്ന് കണ്ടിരുന്നു. പിന്നീട് കേന്ദ്രം ഇതിന് അനുമതി കൂടി നല്‍കിയതാണ് ഉദ്ധവ് താക്കറേയെ ചൊടിപ്പിച്ചത്.
അധികം വൈകാതെ ബ്രക് ഫാര്‍മ ഉടമയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഡ്നാവിസ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇരട്ടമുഖം തുറന്നുകാട്ടി: ‘ദാമനിലെ ബ്രക് ഫാര്‍മ റെംഡെസിവിര്‍ മരുന്നിന്റെ കയറ്റുമതിക്കാരിലൊരാളാണ്. നാല് ദിവസം മുമ്പ് ബിജെപി നേതാക്കള്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് റെംഡെസിവിര്‍ മരുന്നിന്റെ കാര്യത്തില്‍ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ കയ്യിലുള്ള സ്റ്റോക്ക് വിതരണം ചെയ്യാനും അപേക്ഷിച്ചിരുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അനുമതി നല്കിയാല് മാത്രമേ അത് ചെയ്യാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവിയയെ ഞാന്‍ ബന്ധപ്പെട്ടു. ഇതിനായി അനുമതി നേടിയെങ്കിലും ബ്രക് ഫാര്‍മ ഉടമയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് പിന്നെ കേട്ടത്.’
ഡിസിപി എന്നോട് പറഞ്ഞത് ചില റെംഡെസിവിര്‍ കയറ്റുമതിക്കാരുടെ കയ്യില്‍ 60,000 വയളുകള്‍ വരെയുണ്ടെന്നും അത് സ്ഥിരീകരിക്കാന്‍ എത്തിയതാണെന്നുമാണ്. പരിശോധനയ്ക്കുള്ള അനുമതി പത്രവും ഡിസിപി എന്നെ കാണിച്ചു. – ഫഡ്നാവിസ് വിശദീകരിക്കുന്നു.
ഞങ്ങള്‍ ബ്രക് ഫാര്‍മയെ ഡോ റെഡ്ഡീസ് ലാബുമായി ബന്ധപ്പെടുത്തിക്കൊടുത്തതാണ്. കാരണം ഡോ. റെഡ്ഡീസ് ലാബിന് വിപണന ലൈസന്‍സുണ്ട്. അതുവഴി ബ്രക് ഫാര്‍മക്ക് അവരുടെ സ്റ്റോക്ക് പ്രാദേശിക വിപണിയില്‍ കൂടി വില്ക്കാന് കഴിയും. പക്ഷെ ബ്രക് ഫാര്‍മയുടെ മേധാവിയെ ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്.
രാത്രി ഒമ്പത് മണിക്ക് 10 പൊലീസുകാരാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. ബ്രക് ഫാര്‍മ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. റെംഡെസിവിര്‍ മഹാരാഷ്ട്രയില്‍ വില്ക്കാന് ബ്രക് ഫാര്മയ്ക്കുള്ള അനുമതി പത്രം ഞങ്ങള്‍ പൊലീസിനെ കാണിച്ചു. പൊലീസിന് ഇതേക്കുറിച്ച് അറിവില്ലായിരുന്നു. ഇതോടെ പൊലീസ് ബ്രക് ഫാര്‍മ ഉടമയെ പൊലീസ് മോചിപ്പിച്ചു.
ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതില്‍ കുപിതനായി ബ്രക് ഫാര്‍മ ഉടമയെ മഹാരാഷ്ട്രയിലെ മന്ത്രി ഷിംഗ് നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഫഡ്നാവിസ് തുറന്നടിച്ചു.
പൊലീസിന്റെ വാദം ഇതാണ്: “മഹാരാഷ്ട്രയില്‍ റെംഡെസിവിറിന്റെ ക്ഷാമം വല്ലാതെ അനുഭവപ്പെടുന്നു. കരിഞ്ചന്തയും വ്യാപകമാണ്. റെംഡെസിവിര്‍ ബ്രക് ഫാര്‍മയുടെ കയ്യിലുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞു. എവിടെ നിന്നാണ് അവിടെ റെംഡെസിവിര്‍ എത്തിയത് എന്ന് സ്ഥിരീകരിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. അദ്ദേഹത്തെ അറസ്റ്റു ചെയ്തതല്ല. ഇക്കാര്യത്തെപ്പറ്റി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ്.”
എംഎല്‍സിമാരായ (എംഎല്‍എമാര്‍) പ്രവീണ്‍ ദാരേകറും പ്രസാദ് ലാഡും ദമാനില്‍ പോയി ബ്രക് ഫാര്‍മ ഉദ്യോഗസ്ഥരോടും റെംഡെസിവിര്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഹാരാഷ്ട്ര മന്ത്രി രാജേന്ദ്ര ഷിംഗ്നെയോടും പറഞ്ഞിരുന്നു.
എന്നാല്‍ എന്‍സിപി നേതാക്കളായ നവാബ് മാലിക്കിനും ചില മന്ത്രിമാര്‍ക്കും ജനങ്ങളുടെ ഇത് മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ യാതൊരു ആശങ്കയുമില്ല. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലും രാഷ്ട്രീയം കളിക്കാനാണ് അവര്‍ക്ക് താല്പര്യം.
റെംഡെസിവിര്‍ മഹാരാഷ്ട്രയ്ക്ക് നല്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് താല്പര്യമില്ലെന്നാണ് നവാബ് മാലിക് ആരോപിച്ചത്. എന്നാല്‍ വാസ്തവം ഇതല്ലെന്നായിരുന്നു കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ വാദം. രാജ്യത്ത് റെംഡെസിവിര്‍ ഉല്പാദനം ഇരട്ടിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആവശ്യത്തിന് റെംഡെസിവിര്‍ മഹാരാഷ്ട്രയ്ക്ക് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. കൈവശമുള്ള റെംഡെസിവിര്‍ സ്റ്റോക്ക് ഉടനെ മഹാരാഷ്ട്രയില്‍ വിതരണം ചെയ്യാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.
ഉദ്ധവും മറ്റ് മന്ത്രിമാരും കോവിഡിന്റെ കാര്യത്തിലുള്ള മഹാരാഷ്ട്രയുടെ മോശം സ്ഥിതിവിശേഷത്തിനും ആരോഗ്യമേഖലയുടെ തകര്‍ച്ചയ്ക്കും കേന്ദ്രത്തിനെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഓക്സിജന്‍ കാര്യത്തിലും ഉദ്ധവ് രാഷ്ട്രീയം കളിക്കുകയാണ്. ഓക്സിജന്‍ വിതരണത്തിന്റെ കാര്യത്തിനായി പ്രധാനമന്ത്രിയെ വിളിച്ചപ്പോള്‍ അദ്ദേഹം ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു എന്ന തൊടുന്യായമാണ് ഉദ്ധവ് താക്കറെ പറയുന്നത്.
ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. 100 കോടി വീതം മാസം തോറും ബാറുകളില്‍ നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതിന്റെ പേരില്‍ ആരോഗ്യമന്ത്രി എന്‍സിപിയുടെ അനില്‍ ദേശ്മുഖും പൂജാ ചവാന് വിവാദത്തില്‍ വനംമന്ത്രി ശിവസേനയുടെ സഞ്ജയ് റാത്തോഡും രാജിവെച്ചതിന് പിന്നില്‍ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ശക്തമായ രാഷ്ട്രീയസമ്മര്ദ്ദമായിരുന്നു. ഇതോടെ മുഖം നഷ്ടമായ ഉദ്ധവ് സര്‍ക്കാര്‍ ഇപ്പോള്‍ ഫഡ്നാവിസിനെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: