ന്യൂദല്‍ഹി: ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണമേഖലയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഉടന്‍ കോവിഡ് വാക്സിന് നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് ഉറപ്പ് നല്കി. ഇക്കാര്യം യുഎസ് ഭരണകൂട പ്രതിനിധി ന്യൂദല്‍ഹിയിലേക്ക് വിളിച്ച് ഉറപ്പ് നല്കി.
നേരത്തെ ഡൊണാള്‍ഡ് ട്രംപ് യുദ്ധകാലത്ത് ഉപയോഗിക്കുന്ന പ്രതിരോധ ഉല്പാദന നിയമം നടപ്പിലാക്കിയത് മൂലമായിരുന്നു ഇന്ത്യയ്ക്ക് കോവിഡ് വാക്സിന് ഉല്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍ യുഎസ് നിഷേധിച്ചത്. കോവിഡ് വാക്സിനും പിപിഇയും ആഭ്യന്തര ആവശ്യത്തിന് മാത്രം ഉല്പാദിപ്പിച്ചാല് മതിയെന്ന് അന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇതേ നയം ജോ ബൈഡനും പിന്തുടര്ന്നു. എന്തായാലും ഇന്ത്യയുടെ കാര്യത്തില്‍ ഇതിന് മാറ്റം വരുത്തുമെന്ന് യുഎസ് ഭരണകൂടം ഉറപ്പ് നല്കി.
ജൂലായ് നാലിനുള്ളില്‍ യുഎസിലെ മുഴുവന്‍ പൗരന്മാര്ക്കും വാക്സിന് നല്കാന് ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ വാക്സിനുകളുടെ ഉല്പാദനം ദ്രുതഗതിയില്‍ യുഎസില്‍ നടന്നുവരികയാണ്. അതുകൊണ്ട് തന്നെ അസംസ്കൃത വിഭവങ്ങള്‍ പുറത്തേക്ക് കയറ്റുമതി ചെയ്തിരുന്നില്ല.
നേരത്തെ ഇന്ത്യയിലെ പ്രധാന വാക്സിന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡര് പൂനാവാല യുഎസ് പ്രസിഡന്റ് ജോ ബൈഡനെക്കൂടി ടാഗ് ചെയ്ത് ട്വിറ്ററില്‍ വാക്സിന് ഉല്പാദനത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ നല്കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നീട് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിംഗ് ഇക്കാര്യം ബൈഡന് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തു.
തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം ചര്‍ച്ചാവിഷയമായി.
പിന്നീട് ദൈനംദിന വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയോട് ഇതേപ്പറ്റി ചോദ്യം ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന അവര്‍ ഉറപ്പ് നല്കി. വാക്സിന് ലഭ്യതയുടെ കാര്യത്തില്‍ വികസിത രാഷ്ട്രങ്ങളും വികസ്വരരാഷ്ട്രങ്ങളും തമ്മില്‍ അന്തരമുണ്ടാകുന്നത് സ്വീകാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: