ബ്ലൂംബര്‍ഗ്: യൂറോപ്യന്‍ യൂണിയന് 5ജി സേവനത്തിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ നിന്നും ചൈനീസ് ടെലിക്കോം ഭീമന്മാരെ ഒഴിവാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളുമായി സഹകരിക്കാന്‍ യൂറോപ്യന്‍ യൂണിയന് ഒരുങ്ങുന്നു. ടെലിക്കോം മേഖലയിലെ ചൈനയുടെ കുത്തക അവസാനിപ്പിക്കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
അടുത്ത മാസം ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ചര്‍ച്ച നടക്കും. ആഗോള സുരക്ഷാ നിലവാരത്തില്‍ 5ജി സേവനത്തിനു വേണ്ട അടിസ്ഥാന ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയെ പരിഗണിച്ചാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളുമായി സുതാര്യമായ സുരക്ഷ ഉറപ്പുവരുത്തി ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്റെ ആന്റി ട്രസ്റ്റ് ചീഫ് മര്ഗ്രെതെ വെസ്റ്റഗെര് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള് ഒരുമിച്ചു നിന്ന് പരിഹരിക്കണമെന്നും ടെക്നോളജി മേഖലയിലും ജനാധിപത്യത്തിനാണ് മുന്തിയ പരിഗണനയെന്നും അവര്‍ പറയുന്നുണ്ട്. മെയ് 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോര്‍ച്ചുഗലില്‍ എത്തുന്നത്. സഖ്യത്തിലെ 27 രാജ്യങ്ങളുടെ പ്രതിനിധികളുമായും വാണിജ്യ – സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്. ഇന്ത്യയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും അവരുടെ അടുത്ത ജനറേഷന് ടെലികോം അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്നും ചൈനീസ് കമ്പനികളായ ഹുവായി ടെക്നോളജീസ്, ഇസഡ്ടിപി കോര്‍പ് തുടങ്ങിയ ചൈനീസ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനികളെ വിലക്കിയിരുന്നു. ചൈനക്കെതിരെ അമേരിക്കയും ഓസ്ട്രേലിയയും ഇന്ത്യയും ചേര്‍ന്ന് നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. മൊബൈല്‍ ആപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ താഴിട്ടിരുന്നു.
മഹാമാരിക്കാലത്തിന്റെ അവസാനം ആകുമ്പോഴേക്കും ജനാധിപത്യ രാജ്യങ്ങളുമായി സഹകരിച്ച് അഞ്ചാം തലമുറ നെറ്റുവര്‍ക്കുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ക്കായി 1.3ട്രില്യണ്‍ ഡോളറാണ് ചെലവഴിക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം തലമുറ നെറ്റുവര്‍ക്കുകളില്‍ ആഗോള തലത്തില്‍ സുരക്ഷയുടെ പൊതു മാനദണ്ഡം വരുമെന്നാണ് വെസ്റ്റഗെര് പറയുന്നത്. റേഡിയോ സ്പെക്ട്രം ബാന്റ്, ഇന്റര്‍ഫെയ്സ് ടെക്നോളജി തുടങ്ങിയവയിലെല്ലാം ഈ മാനദണ്ഡം ബാധകമാക്കും. ഇന്ത്യക്ക് അഞ്ചാം തലമുറ നെറ്റുവര്‍ക്കുകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കണക്കു പ്രകാരം 70 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കേണ്ടിവരുമ്പോള് യൂറോപ്യന്‍ യൂണിയന് 355 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: