മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ റോ റോ വെസലുകള്‍ അടിക്കടി തകരാറിലാകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസമാണ് തകരാറിലായ ഒരു റോ റോ വെസല്‍ സര്‍വീസ് നടത്തി തുടങ്ങിയത്. പലപ്പോഴും ഒരു വെസല്‍ മാത്രമാണ് സര്‍വീസിലുണ്ടാകുക. ഇതില്‍ ഉള്‍ക്കൊള്ളാവുന്നതിലേറെ യാത്രക്കാരെയായിരിക്കും കൊണ്ട് പോകുക. യാത്രക്കാര്‍ പലപ്പോഴും മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട സാഹചര്യവുമുണ്ട്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പോലും പാലിക്കാതെയുള്ള യാത്ര ഏറെ ആശങ്കകള്‍ക്കും ഇടയാക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റോ റോ സര്‍വീസിന് ഇതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്. ഇതില്‍ അധികൃതരുടെ പരിശോധനയും ഉണ്ടാകുന്നില്ല. പൊതു ഗതാഗത സംവിധാനം എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ചുള്ള യാത്ര റോ റോയിലും പ്രായോഗികമാക്കിയില്ലെങ്കില് അത് വലിയ വിപത്തിനിടയാക്കിയേക്കും.
തുടര്‍ച്ചയായി വെസല്‍ തകരാറിലാകുന്നത് പരിഹരിക്കാനും നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. നിസാര തകരാറുകള്‍ ഉള്ളൂവെങ്കില്‍ പോലും ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥയാണ്. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് വെസലുകളെങ്കിലും നടത്തിപ്പ് ചുമതല പൊതുമേഖല സ്ഥാപനമായ കിന്കോക്കാണ്. കിന്‍കോയുടെ അനാസ്ഥയാണ് പലപ്പോഴും റോ റോ മുടങ്ങാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: