കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഎം നേതാവ് പി. ജയരാജന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധജഡിലം. പിണറായിയുടെ പ്രീതി നേടി, രാഷ്ട്രീയ നേട്ടത്തിനും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പരിഗണനകള്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ജയരാജന്റെ പറച്ചിലുകളെ കാണുന്നത്. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി പാര്‍ട്ടിയിലും അണികള്‍ക്കിടയിലും ഒറ്റപ്പെട്ട ജയരാജന് പിണറായിയുടെ പ്രീതി പിടിച്ചുപറ്റാന്‍ കുറേ നാളായി ശ്രമം നടത്തുകയാണ്. ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചതെല്ലാം അബദ്ധ ജഡിലമായ വിവരങ്ങളായിരുന്നു.
അറസ്റ്റിലായ എബിവിപിക്കാരെ മോചിപ്പിക്കാനാണ് വി. മുരളീധരന് മുമ്പ്, മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ ഘരാവോ ചെയ്തെന്നാണ് ജയരാജന് ഫേസ് ബുക്കില്‍ ചേര്‍ത്ത പരാമര്‍ശത്തില്‍ പറയുന്നത്. എന്നാല്‍, 1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ കേരളത്തില്‍ സിപിഎം നടത്തിപ്പോരുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിന് പുറത്ത് നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു അത്. സംഭവത്തെ സിപിഎം നേതൃത്വം ഞെട്ടലോടെയായിരുന്നു സമീപിച്ചത്. രാജ്യത്തെവിടെയും ‘തട്ടുകിട്ടുമെന്ന’ തിരിച്ചറിവ് സിപിഎം നേതാക്കള്‍ക്കുണ്ടായി. ഇടക്കാലത്തേക്കെങ്കിലും സിപിഎം അക്രമങ്ങളില്‍ നിന്നും പുറകോട്ട് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ജയരാജന് നുണക്കഥ തട്ടിവിട്ടത്.
മുഖ്യമന്ത്രിക്കെതിരായി കൊവിഡിയറ്റെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വര്‍ദ്ധിച്ച പിന്തുണയാണ് കേന്ദ്രമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ലഭിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ ഓരോ മന്ത്രിക്കും വിദഗ്ധ സമിതിയുടെ വിലയിരുത്തലുണ്ട്. ആ വിലയിരുത്തലില്‍ മികച്ച മന്ത്രിയെന്ന പ്രശംസ കിട്ടിയവരില്‍ മുരളീധരനുമുണ്ട്. മികച്ച മന്ത്രിയാണ്, ഒപ്പം ജയരാജന് കുറ്റപ്പെടുത്തി പറഞ്ഞ ‘സംഘിപ്പട്ട’ ത്തിനും മുരളീധരന് രാഷ്ട്രീയ തലത്തില്‍ യോഗ്യത കാട്ടി.
കേരളത്തിന്റെ വികസന രംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വളരെ വലിയ സംഭാവനകള്‍ നല്കി ശ്രദ്ധ നേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലുള്‍പ്പെടെ മുരളീധരന് നടത്തിയ വിമര്‍ശനം സിപിഎമ്മിനും നേതാക്കള്‍ക്കും അതികഠിനമായ പ്രഹരമാണ് ഏല്‍പ്പിച്ചത്. അതിനെ പ്രതിരോധിക്കാന്‍ അവര്‍ നടത്തുന്ന ഓരോ ശ്രമവും കൂടുതല്‍ കുഴപ്പത്തിലാക്കുകയാണവരെ. അതില്‍ ഏറ്റവും പുതുതാണ് ജയരാജന്റെ പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: