പത്തനാപുരം: ശിവന്റെ വാഹനമായ നന്ദികേശന്റെ ശില്പ നിര്‍മ്മാണം കുന്നിക്കോട് കടുമംഗലം ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ രണ്ടാമത്തേതും തെക്കന്‍ കേരളത്തിലെ ഏറ്റവും വലുതുമായ നന്ദികേശ രൂപമാണിത്.
പോലീസ് ജീവനക്കാരനും പ്രശസ്ത ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലാണ് നന്ദികേശന്റെ ശില്പി. കമ്പി ഉപയോഗിക്കാതെ പൂര്‍ണമായും ഇഷ്ടികയും സിമന്റും കൊണ്ട് നിര്‍മിച്ചിരിക്കുന്ന ശില്‍പ്പമെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ അര്‍ദ്ധവൃത്താകൃതിയിലുളള ശില്പം ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ്. ക്ഷേത്ര പരിസരത്ത് എവിടെ നിന്നു നോക്കിയാലും നന്ദികേശന്റെ കണ്ണും കാതും കാണാന്‍ കഴിയും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തച്ചുടയ്ക്കപ്പെട്ടതിന്റെ തിരുശേഷിപ്പുകള്‍ കൊണ്ട് പ്രസിദ്ധമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കടുമംഗലം ശ്രീമഹാദേവര് ക്ഷേത്രം.
ഏകദേശം പത്ത് ലക്ഷത്തോളം ചെലവ് വരുന്ന നന്ദികേശ രൂപം ഉപദേശക സമിതി വൈസ് പ്രസിഡന്റ് കൂടിയായ ബിജു സൗജന്യമായാണ് നിര്‍മ്മിക്കുന്നത്. ഇരുപത് ദിവസം കൊണ്ടാണ് നിര്‍മ്മാണം ഇതുവരെയെത്തിയത്. ഈ മാസം 25ന് നന്ദികേശനെ ക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് ശില്പി ബിജു ചക്കുവരയ്ക്കല്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: