ജലന്ധര്‍: 15 വര്‍ഷമായി കൃഷി ചെയ്യുന്നു. ഇക്കാലയളവിലെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷത്തിലാണ് താനെന്ന് രാജ്പുരയ്ക്ക് സമീപമുള്ള നില്പൂര് ഗ്രാമത്തിലെ ദാലിപ് കുമാര്‍(39) പറയുന്നു. ഫോണില്‍ ലഭിച്ച രണ്ടു സന്ദേശങ്ങളാണ് സന്തോഷത്തിന് കാരണം. രാജ്പുര ചന്തയില്‍ വിറ്റ 171 ക്വിന്റല്‍ ഗോതമ്പിന്റെ താങ്ങുവില(എംഎസ്പി) 1.90 ലക്ഷവും 1.48 ലക്ഷവും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത് അറിയിച്ചുളള സന്ദേശങ്ങളായിരുന്നു ഇത്. പത്തേക്കര്‍ കൃഷിയിടത്തിലെ വിളവാണ് ചന്തയിലെത്തിച്ചത്. നാല്പത് ഏക്കറില്‍ കൃഷി ചെയ്യുന്ന ഇദ്ദേഹം ബാക്കിയുള്ള ഗോതമ്പ് സംഭരണത്തിനായി വരും ദിവസങ്ങളില്‍ എടുക്കും.
ഒരു ക്വിന്റലിന് 1,975 രൂപയാണ് താങ്ങുവില. ഒരുമിച്ച് ഇത്രയും തുക കയ്യില്‍ കിട്ടുക ഇതാദ്യമായിരിക്കുമെന്ന് ദാലിപ് കുമാര്‍ പറയുന്നു. ‘ ഇത് മികച്ച സംവിധാനമാണ്. ഞങ്ങളുടെ വിളകളുടെ പണം ഞങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ലത് മറ്റെന്താണ്?’- അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രിസിനോട് ചോദിക്കുന്നു. ‘നേരത്തേ, വിളകള്‍ ചന്തയില്‍ എത്തിച്ചശേഷം അര്‍ഹ്തിയാസ്(ഇടനിലക്കാര്‍) ഞങ്ങള്‍ക്ക് ചെക്ക് തന്നു. എല്ലാം ഇടനിലക്കാരുടെ കയ്യിലായിരുന്നു. കണക്കുകള്‍ തീര്‍ക്കാന്‍ സമയമെടുക്കും. നേരത്തെയുണ്ടായിരുന്ന വായ്പ തിരിച്ചുനല്കിയാലും പണം നല്‍കുന്നത് നീട്ടാനായി എന്തെങ്കിലും കാരണം എപ്പോഴും കണ്ടെത്തും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോതമ്പിന്റെ താങ്ങുവില നേരിട്ട് അക്കൗണ്ടിലേക്ക് എത്തിയ പഞ്ചാബിലെ ആദ്യ മൂന്ന് കര്‍ഷകരില്‍ ഒരാളാണ് ദാലിപ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഞ്ചാബ് സര്‍ക്കാര്‍ നേരിട്ട് പണം കൈമാറുന്ന സംവിധാനം നടപ്പാക്കിയത്. രാഷ്ട്രീയമായും സാമ്പത്തികമായും ശക്തരായ അര്‍ഹ്തിയാസ് കൂട്ടായ്മകള്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു. 12 ഏക്കര്‍ ഗോതമ്പുപാടത്തെ മൂന്ന് ഏക്കര്‍ വിള വിറ്റതിന് 1.56 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചുവെന്ന് റോപാര്‍ ജില്ലയിലെ ചംകൗര്‍ സാഹിബിലെ ഭുരാര ഗ്രാമത്തിലുള്ള 49-കാരനായ തര്‍ലോച്ചന്‍ സിംഗ് പറയുന്നു.
പുതിയ സംവിധാനത്തില്‍ തൃപ്തനാണെന്നും ഇത് ഇടനിലക്കാരുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും 20 വര്‍ഷത്തിലേറെയായി കര്‍ഷകനായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോതമ്പ് കൃഷി ചെയ്തിരിക്കുന്ന 25-ലെ 20 ഏക്കറിലെ വിളവ് എടുത്തുവെന്നും പ്രദേശത്തെ വലിയ മണ്ഡിയായ ഖന്ന ചന്തയില്‍ വിറ്റുവെന്നും ലുധിയാനയിലുള്ള ഗുല്സര് സിംഗ്(50) പറയുന്നു. തുക ബാങ്കിലെത്തിയെന്നും വിദ്യാഭ്യാസമില്ലാത്തതിനാല്‍ എത്രയെന്ന് നാളെ മകന് എത്തിയശേഷമേ അറിയാന്‍ കഴിയൂവെന്നും അദ്ദേഹം പറയുന്നു.
താങ്ങുവില കൈമാറാനായി അടുത്തിടെ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ പഞ്ചാബ് സര്‍ക്കാരിനോട് കര്‍ഷകരുടെ ഭൂരേഖകള്‍ ആവശ്യപ്പെട്ടിരുന്നു. പകുതിയിലധികം പേരും കൃഷി ചെയ്യുന്നര്‍ മാത്രമെന്നും സ്വന്തമായി ഭൂമിയില്ലാത്തവരെന്നും പഞ്ചാബ് മറുപടി നല്കി. തുടര്‍ന്ന് ഹരിയാനയുടെ മാതൃകയില്‍ കൃഷി ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്കുന്ന മാതൃക പഞ്ചാബ് സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ ചന്തയില്‍ കൊണ്ടുവരുന്ന വിളയുടെ അളവ് അനുസരിച്ച് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പണം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: