തൃശൂര്‍: പൂരത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് തട്ടകക്കാര്‍. പൂര വിളംബരം അറിയിച്ചുള്ള തെക്കേഗോപുര വാതില്‍ തള്ളിതുറക്കുന്നത് മുതല്‍ ഉപചാരം ചൊല്ലി പിരിയുന്നത് വരെയുളള എല്ലാ ചടങ്ങുകളും ഇത്തവണ പതിവുപോലെ നടക്കും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ അതിവേഗത്തിലായി. വേണ്ടത്ര സമയം കിട്ടിയില്ലെന്നതിനാല്‍ രാവുപകലാക്കിയാണ് അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ പണികള്‍ ദ്രുതഗതിയിലായിട്ടുണ്ട്.
തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ പൂരത്തിന് കൊടിയേറും. തിരുവമ്പാടിയില്‍ രാവിലെ 11.15 നും 12 നും ഇടയ്ക്ക് കൊടിയേറ്റ് നടക്കും. ഇന്ന് നടക്കുന്ന ശുദ്ധിക്കും പ്രത്യേക പൂജകള്‍ക്കും തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന് നമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
പാരമ്പര്യ അവകാശികളായ താഴത്തു പുരയ്ക്കല്‍ ആശാരി സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം നിര്‍മ്മിച്ചശേഷം ഭൂമിപൂജ നടത്തും. തുടര്‍ന്ന് ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി തട്ടകക്കാര്‍ ചേര്‍ന്ന് കൊടിയേറ്റും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റും. 3.30 ന് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടുകഴിഞ്ഞ് ഭഗവതി വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളും. കൊവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പൂരപ്പറ വീടുകളില്‍ ചെന്ന് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ദേശങ്ങളിലെ പൂരപ്പറ ഈ വര്‍ഷം ഉണ്ടാകില്ല. ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ വന്ന് പറ സമര്‍പ്പിക്കണം.
പാറമേക്കാവ് ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 12.05നാണ് പൂരം കൊടിയേറ്റം. രാവിലെ 11.15ന് വലിയപാണി കൊട്ടി അവസാനിച്ചാല്‍ പെരുവനം കുട്ടന്മാരാര് നയിക്കുന്ന ചെമ്പട മേളത്തിന്റെ അകമ്പടിയോടെ ഭഗവതിയെ പുറത്തേക്ക് എഴുന്നെള്ളിക്കും. തുടര്‍ന്ന് ചെമ്പില്‍ കുട്ടനാശാരി നിര്‍മ്മിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് കൊടിയേറ്റും. പിന്നീട് മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. പാറമേക്കാവ് പത്മനാഭന് ഭഗവതിയുടെ തിടമ്പേറ്റും. വടക്കുന്നാഥക്ഷേത്രം ചന്ദ്രപുഷ്ക്കരണിയില്‍ ആറാട്ട് നടത്തി ഭഗവതി വൈകീട്ട് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളും.
പൂരത്തില്‍ പങ്കെടുക്കുന്ന 8 ഘടകക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് കൊണ്ടുപോയ പൂരത്തെ ഇത്തവണ എല്ലാ ആഘോഷ ആവേശത്തോടും കൂടി വരവേല്‍ക്കാനാണ് തട്ടകങ്ങള്‍ ഒരുങ്ങുന്നത്. വെടിക്കെട്ട്, വര്‍ണക്കുടകള്‍, ആനചമയങ്ങള്‍ എന്നിവയുടെയെല്ലാം പണികള്‍ നടന്നു വരികയാണ്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിര്‍മ്മിക്കുന്ന അലങ്കാരപ്പന്തലുകളുടെ നിര്‍മ്മാണവും അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
21നാണ് സാമ്പിള്‍ വെടിക്കെട്ട്. 22ന് ചമയപ്രദര്‍ശനം. 23നാണ് തൃശൂര്‍ പൂരം. 24ന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും രാവിലെ പകല്‍പൂരവും ഉപചാരം ചൊല്ലിപിരിയലും. ആരോഗ്യവകുപ്പിന്റെ കടുത്ത തടസവാദങ്ങളെയെല്ലാം മറികടന്ന് പൂരം നടത്തിപ്പിന് സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാന്‍ വലിയ ശ്രമം തന്നെയാണ് പൂരം സംഘാടകര്‍ക്ക് വേണ്ടി വന്നത്.
പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അധികൃതരുടെ അനുമതി ലഭിച്ചു. സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും പതിവുപോലെ നടത്താനാണ് കേന്ദ്ര ഏജന്‍സിയായ പെട്രോളിയം ആന്റ് എക്സ്പ്ലൊസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) അനുമതി നല്‍കിയത്. പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് നിബന്ധനകളോടെ നടത്താം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്സ്പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിച്ച് നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പാറമേക്കാവ് ദേവസ്വം അംഗങ്ങള്‍, ജീവനക്കാര്‍, പൂരത്തില്‍ പങ്കെടുക്കുന്ന വിവിധ കലാകാരന്മാര് തുടങ്ങിയവരില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കൊവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നാളെ ദേവസ്വത്തില്‍ ഹാജരക്കണമെന്ന് സെക്രട്ടറി ജി.രാജേഷ് അറിയിച്ചു ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കണം. 45 വയസിന് താഴെയുള്ളവര്‍ ഏപ്രില്‍ 21, 22 തിയതികളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.ആവശ്യമെങ്കില്‍ ദേവസ്വത്തിന്റെ സഹായം ലഭ്യമാക്കും.
തിരുവമ്പാടിയുടെ പന്തലുകള്‍ക്ക് കാല്‍നാട്ടി
തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും നിര്‍മ്മിക്കുന്ന പൂരപ്പന്തലുകള്‍ക്ക് കാല്‍നാട്ടി. ഇന്നലെ രാവിലെ യഥാക്രമം രാവിലെ 9.30നും 10നും തട്ടകക്കാരുടെ നേതൃത്വത്തിലായിരുന്നു കാല്‍നാട്ടല്‍. ടി.എന്‍ പ്രതാപന് എംപി, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍, ദേവസ്വം ബോര്‍ഡംഗം എം.ജി നാരായണന്, കോര്പ്പറേഷന് കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.പി.ചന്ദ്രശേഖരന്, വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണന്, സെക്രട്ടറി എം.രവികുമാര്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ചെറുതുരുത്തി ആരാധന പന്തല്‍വര്‍ക്സ് ഉടമ സെയ്തലവിയ്ക്കാണ് പന്തലുകളുടെ നിര്‍മ്മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: