ന്യൂദല്‍ഹി: മുന്‍ പത്രപ്രവര്‍ത്തകനും മിഡിയ സംരംഭകരനുമായ രാഹുല്‍ റോഷന്റെ ‘ഒരിക്കലും ശാഖയില്‍ പോകാത്ത സംഘി’ (സംഘി ഹു നെവര്‍ വെന്റ് ടു എ ശാഖ) എന്ന പുസ്തകം വൈറലാകുന്നു. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയരംഗത്ത് ആഞ്ഞടിക്കുന്ന മാറ്റത്തിന്റെ കാറ്റാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ഒപ്പിയെടുത്തിരിക്കുന്നത്.
എന്തുകൊണ്ടാണ് ഹിന്ദുത്വ എന്നത് വെറുക്കപ്പെടാത്ത ആശയമായി മാറിയത്, എന്താണ് ഈ മാറ്റത്തിന് കാരണം എന്നീ ചോദ്യങ്ങള്‍ ഈ പുസ്തകം വിശകലനം ചെയ്യുന്നു. പുസ്തകം ഉയര്‍ത്തുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് നെഹ്രുവിന്റെ മതനിരപേക്ഷത എത്രയോ ദശകങ്ങളായി ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ പൊടുന്നനെ ഭാരതീയ ജനതാപാര്‍ട്ടിയുടെ അജണ്ട ഏറ്റെടുത്തത്? ഈ ചോദ്യത്തിന് പുസ്തകം കൃത്യമായ ഉത്തരം നല്കുന്നു.
പുസ്തകരചയിതാവ് റോഷനെയും മറ്റനേകം യുവാക്കളെയും ഹിന്ദുത്വയിലേക്ക് അടുപ്പിച്ച നിരവധി കാരണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ വരച്ചിടുന്നു. ഇതിന് കാരണമായ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളും അദ്ദേഹം വീണ്ടും പരിചയപ്പെടുത്തുന്നു. വ്യക്തിപരമായ ചില അനുഭവങ്ങളും ഇതോടൊപ്പം പങ്കുവെക്കുന്നു.
പലരും റോഷനെ സംഘി എ്ന്നാണ് വിളിക്കുന്നത്. രാഷ്ട്രീയ സ്വയം സേവക്സംഘത്തിലോ അതിനോട് ചേര്‍ന്നുള്ള മറ്റേതെങ്കിലും സംഘടനകളിലോ അംഗമായ വ്യക്തിയെയാണ് സംഘി എന്ന് വിളിക്കുക. പലപ്പോഴും ഈ വിളി അദ്ദേഹത്തെ ആദ്യമൊക്കെ വേദനിപ്പിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം അതില്‍ അഭിമാനം കൊള്ളുകയാണ്. ഇന്ത്യയിലെ ഇന്നത്തെ ചെറുപ്പക്കാരുടെ സംഘത്തിലേക്കുള്ള മാറ്റത്തെ അനുഭവവേദ്യമാക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് രൂപ പബ്ലിക്കേഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: