ടോക്കിയോ: അയല്‍ രാജ്യങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും എതിര്‍പ്പുകള്‍ തള്ളി ഫുകുഷിമ ആണവ നിലയത്തില്‍നിന്നുള്ള ദശലക്ഷം ടണ്‍ മലിനജലം കടലിലൊഴുക്കാന്‍ ജപ്പാന്. റേഡിയോ ആക്ടീവ് കണങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിച്ച ജലം കടലില്‍ ഒഴുക്കുന്നതില്‍ അപകടമില്ലെന്ന് ജപ്പാന് വാദിക്കുന്നു. നടപടി നിരുത്തരവാദപരമെന്നാണ് ചൈനയുടെ ആരോപണം. പദ്ധതിക്ക് തുടക്കമിടാന്‍ വര്‍ഷങ്ങളായി ആലോചിച്ചുവരികയാണ്. ലോകത്തെ മറ്റിടങ്ങളിലും ആണവ നിലയങ്ങളിലെ ജലം കടലില്‍ ഒഴുക്കുന്ന സമാന രീതിയാണ് ഫുകുഷിമയിലേതെന്നു ജപ്പാന്റെ നടപടിക്ക് അനുമതി നല്കിയ ഇന്റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി(ഐഎഇഎ) ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ആണവനിലയം ഡീ-കമ്മിഷന് ചെയ്യാനുള്ള നടപടിക്രമങ്ങളിലെ അവിഭാജ്യ പ്രവൃത്തിയാണ് ജലം ഒഴുക്കിക്കളയല്‍ എന്ന് യോഗം വിലയിരുത്തി. സുരക്ഷ ഉറപ്പാക്കിയശേഷമേ ഇത് ചെയ്യൂവെന്നും പ്രധാനമന്ത്രി അറിയിച്ചു. 2011-ലെ സുനാമിയില്‍ കേടുപാടുകള്‍ സംഭവിച്ച ഫുകുഷിമ ആണവ നിലയത്തില്‍ 1.25 ദശലക്ഷം ടണ്‍ ജലമാണ് സംഭരിക്കപ്പെട്ടത്.
പൂര്‍ത്തീകരിക്കാന്‍ ദശകങ്ങളെടുക്കുന്ന പദ്ധതിക്കെതിരെ പ്രാദേശിക മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. സുനാമിക്ക് ശേഷം ഇവിടെയുള്ള മത്സ്യവിഭവങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങളെടുത്തുവെന്നും അവര്‍ പറയുന്നു. ആണവ നിലയം തണുപ്പിക്കാന്‍ ഉപയോഗിച്ച ജലവും മഴവെള്ളവും ഭൂഗര്‍ഭ ജലവും ഉള്‍പ്പെടെ ഒഴുക്കി കളയാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: