മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ഏപ്രില്‍ 14 ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി.
മാസം തോറും 100 കോടി വീതം ഡാന്‍സ് ബാറുകളില്‍ നിന്നും ബലംപ്രയോഗിച്ച് പിരിച്ചെടുക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പൊലീസിനോട് ഉത്തരവിട്ട നടപടി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതിനെതുടര്‍ന്നാണ് സിബിഐ കേസില്‍ ഇടപെട്ടത്. കഴിഞ്ഞ ദിവസം സിബി ഐ അനില്‍ ദേശ്മുഖിന്റെ ഓഫീസിലെ ചിലരെ ചോദ്യം ചെയ്തിരുന്നു. ദേശ്മുഖിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് സഞ്ജിവ് പലാന്റെ, സെക്രട്ടറി കുന്ദന്‍ ഷിന്റെ എന്നിവരെയാണ് മുംബൈയിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വെച്ച് ചോദ്യം ചെയ്തത്.
ഏപ്രില്‍ 14ന് അനില്‍ ദേശ്മുഖിനെ ചോദ്യം ചെയ്യുക എസ്പി റാങ്കിലുള്ള രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും. പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സസ്‌പെന്‍റ് ചെയ്യപ്പെട്ട അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്ടറും മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച ജീപ്പ് കൊണ്ടിട്ട കേസില്‍ മുഖ്യപ്രതിയുമായ സച്ചിന്‍ വാസെ, എസിപി സഞ്ജയ് പാട്ടീല്‍, പരാതിക്കാരി ജയ്ശ്രീ പാട്ടീല്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മാര്‍ച്ച് 3ന് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ എത്തിയ ബാര്‍ ഉടമ മഹേഷ് ഷെട്ടിയെയും ചോദ്യം ചെയ്തു. ഇദ്ദേഹം അന്ന് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട മന്‍സുഖ് ഹിരനെയും കേസില്‍ പ്രതിയായ വിനായക് ഷിന്‍ഡെയെയും കണ്ടിരുന്നു.
സിബി ഐ കേസില്‍ ഇടപെടുന്നതോടെ മഹാരാഷ്‌ട്രയില്‍ അധികാരം പങ്കിടുന്ന ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: