തിരുവനന്തപുരം: റഷ്യയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട്…..ഒന്നല്ല…പന്ത്രണ്ട്് ഗഗാറിന്മാർ…അതിൽ ഒരു കണ്ണൂർക്കാരൻ ‘യൂറിഗഗാറിനും’. പോരാത്തിന് ഗഗാറിന്റെ മോളേ എന്ന് കൂട്ടുകാർ വിളിക്കുമ്പോൾ വിളികേൾക്കുന്ന ‘ഗ്യാലക്‌സി’യിലെ ഗീതു ഗഗാറിനും.
ഗഗാറിനേ…എന്ന വിളിക്ക് ഇന്നലെ റഷ്യൻ കൾച്ചറൽ സെന്ററിൽ ഓടി എത്തയത് 12 പേരാണ്. കൊല്ലത്തെ 11 വയസുള്ള ഗഗൻ ഗഗാറിൻ മുതൽ കണ്ണൂർ ആലത്തൂരുകാരൻ യൂറിഗഗാറിൻ ചേട്ടൻ വരെ വിളികേട്ടു. ബഹിരാകാശ സഞ്ചാരി യൂരി ഗഗാറിൻ ബഹിരാകാശത്ത് എത്തിയതിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളത്തിലെ ഗഗാറിൻ എന്നുപേരുള്ളവരുടെ സംഗമമായിരുന്നു വേദി.
ഗഗാറിൻ എന്നുപേരുള്ള മലയാളികളെ കണ്ടെത്താൻ നടത്തിയ ശ്രമത്തിലായിരുന്നു റഷ്യൻ കൾച്ചറൽ സെന്റർ. സോഷ്യൽ മീഡിയ വഴിയൊക്കെ നടത്തിയ തെരച്ചലിൽ ആണ് യൂറിഗഗാറിന് എന്ന് തന്നെ പേരുള്ള കണ്ണൂർ ആലക്കോട് കാർത്തികപുരം പള്ളിപ്പുറത്ത് വീട്ടിലെ ‘യൂറി ഗാഗാറി’നെ കണ്ടെത്തിയത്. യൂറിഗഗാറിൻ ബഹിരാകാശത്ത് കാലുകുത്തിയതിന് പിറ്റേവർഷം 1962 ലാണ് കണ്ണൂർക്കാരൻ യൂറിഗഗാറിന്റെ ജനനം. വായനാശീലമുണ്ടായിരുന്ന അച്ഛൻ കൃഷ്ണന്റെ സംഭവാനയായിരുന്നു ഈ പേര്. അന്ന് സ്‌കൂൾ കാലത്തൊക്കെ കുട്ടികൾക്ക് വിളിക്കാൻ പ്രയാസമായതിനാൽ തോന്നിയ പേരൊക്കെ വിളിച്ചിരുന്നത്രേ. ടീച്ചർമാർക്ക് പോലും പേര് തെറ്റും. ഇപ്പോൾ പരിചയപ്പെട്ട ഒരാളും പേര് മറക്കില്ലെന്ന് പുഞ്ചിരിയോടെ കണ്ണൂർക്കാരൻ യൂറിഗഗാറിന്റെ കമന്റും.
പേര് മാത്രമല്ല വീട്ട് പേര് വരെ യൂറിഗാറിനുമായി ബന്ധമുണ്ട് കൊല്ലം ആശ്രാമം കൃഷണൻ നഗറിലെ വി.വി.ഗഗാറിനും മക്കൾക്കും. ഗ്യാലക്‌സി എന്നാണ് ഈ ഗഗാറിൻ കുടുംബത്തിന്റെ വീട്ടുപേര്. എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ മകൾ ഗീതുഗഗാറിനും 11 കാരൻ ഗഗൻ ഗഗാറിനുമൊപ്പമാണ് ലോക്കോപൈലറ്റ് കൂടിയായ വി.വി.ഗഗാറിൻ എത്തിയത്. ‘ഗഗാറിന്റെ മോളേ’ എന്നാണത്രേ ഗീതുവിനെ കൂട്ടുകാർ കളിയാക്കി വിളിക്കുന്നത്.
കൊല്ലം ചിതറ പഞ്ചായത്തിലെ മുൻ വൈസ് പ്രിസഡന്റ് കെ.പി.ഗഗാറിൻ, ഗഗാറിൻ ബാബു അങ്ങനെ 12 ഗഗാറിൻമാർ സംഗമത്തിൽ പങ്കെടുത്തു. അവരെ കാണാൻ തലസ്ഥാനത്ത് താമസമാക്കിയിട്ടുള്ള റഷ്യൻ പൗരന്മാരും എത്തി. കേരളത്തിൽ ഇത്രയധികം ഗഗാറിൻമാരുള്ളത് കൗതുകവും അഭിമാനവുമെന്ന് തിരുവന്തപുരത്ത് താമസിക്കുന്ന റഷ്യൻ സ്വദേശിനി വിക്‌ടോറിയ ജന്മഭൂമിയോട് പറഞ്ഞു. പരിപാടിയുടെ ഭാഗമായി റഷ്യയൻ കൾച്ചറൽ സെന്ററിന് മുന്നിലെ യൂറിഗഗാറിന്റെ പ്രിതമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കവി കെ. അയ്യപ്പപ്പണിക്കരുടെ ‘ഹേ ഗഗാറിൻ’ എന്ന കവിത കാവാലം ശ്രീകുമാർ ആലപിച്ചു. റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് .സി.നായരുടെ നേതൃത്വത്തിലായിരുന്നു സംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: