തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തിന് ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍. മന്ത്രിസഭ അറിയാതെ യോഗ്യത തിരുത്തി ഉത്തരവിറങ്ങാന്‍ 17 പ്രവൃത്തി ദിവസം മാത്രം.
ന്യൂനപക്ഷ വികസന കോര്പ്പറേഷന് ജനറല്‍ മാനേജരുടെ യോഗ്യത തിരുത്തണമെന്ന നിര്‍ദ്ദേശവുമായി ജലീല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് 2016 ജൂലൈ 28നാണ്. യോഗ്യത തിരുത്താന്‍ മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടതല്ലേയെന്ന ചോദ്യവുമായി അസിസ്റ്റന്റ് സൂപ്രണ്ട് മിനി ഫയല്‍ മടക്കിയത് പിറ്റേന്ന് ഉച്ചയ്ക്ക് 1.07ന്. അന്ന് വൈകിട്ട് തന്നെ സൂപ്രണ്ട് ഫയല്‍ സെക്രട്ടറിക്ക് കൈമാറി. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടന്നു. ജൂലൈ 30 ശനിയാഴ്ച 3.39ന് സെക്രട്ടറി ഷാജഹാന്റെ മുന്നിലെത്തിയ ഫയലില്‍ രണ്ട് മിനിറ്റ് കൊണ്ട് കുറിപ്പെഴുതി വീണ്ടും സൂപ്രണ്ടിന് അയച്ചു. നിയമലംഘനം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയതിന് സമയമെടുത്തത് ഞായറാഴ്ച അവധി ഒഴിച്ചാല്‍ ഒരു ദിവസം മാത്രം. പിറ്റേന്ന് ആഗസ്ത് ഒന്നിന് കുറിപ്പുകള്‍ തയാറാക്കി. ആഗസ്ത് രണ്ടിന് കര്‍ക്കിടകവാവിന്റെ അവധി ആയതിനാല്‍ മൂന്നിന് രാവിലെ ഫയല്‍ നിയമലംഘനത്തിന് ആവശ്യമായ കുറിപ്പുകള്‍ സഹിതം വീണ്ടും സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തി. അന്ന് തന്നെ സെക്രട്ടറി ഒപ്പിട്ട് മന്ത്രി ജലീലിന്റെ ഓഫീസിന് കൈമാറി.
മന്ത്രിസഭ അറിയേണ്ടതില്ലെന്ന കുറിപ്പ് ഉള്‍പ്പെടെ ആഗസ്ത് നാലിന് ജലീല്‍ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ആഗസ്ത് ഏഴിലെ ഞായറാഴ്ച ഒഴിവും കഴിഞ്ഞ് ഒമ്പതിന് മുഖ്യമന്ത്രി ഫയല്‍ ഒപ്പിട്ടു. 16ന് യോഗ്യത തിരുത്തി ഉത്തരവ് ഇറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശവും നല്കി. യോഗ്യത തിരുത്തി ആഗസ്ത് 18ന് ഉത്തരവിറങ്ങി. 2018 സെപ്തംബര്‍ 28നാണ് അദീബിനെ നിയമിക്കാനുള്ള നിര്‍ദ്ദേശവുമായി ജലീലിന്റെ ഓഫീസ് നീങ്ങുന്നത്. അന്ന് വൈകിട്ട് 4.39ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ അഡീഷനല്‍ സെക്രട്ടറി അതിന് വിയോജനക്കുറിപ്പ് നല്കി. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരാളെ സര്‍ക്കാര്‍ തലത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിക്കാനാകില്ലെന്നായിരുന്നു എതിര്‍പ്പ്. എന്നാല്‍, ആ എതിര്‍പ്പിന് മറുപടി നല്കാന് മന്ത്രി ജലീല്‍ എടുത്തത് 12 മിനിറ്റ് മാത്രം. 4.51ന് അദീബിനെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്കി. പിന്നാലെ ഫയല്‍ ശരവേഗത്തില്‍ പാഞ്ഞ് അദീബിന് നിയമന ഉത്തരവ് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: