തിരുവനന്തപുരം: കെ.ടി. ജലീല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സൂപ്പര്‍ പിബി മെമ്പറായിമാറിയതിന്റെ തെളിവാണ് പാര്‍ട്ടിയിലെ മറ്റൊരു നേതാക്കള്‍ക്കും ലഭിക്കാത്ത സുരക്ഷയും പരിഗണനയും കെ.ടി. ജലീലിന് ലഭിക്കുന്നതെന്ന് എന്‍ഡിഎ കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇതുവരെ നടത്തി വന്ന കള്ളക്കച്ചവടം, ഇസ്ലാമിക ഭീകരവാദ സംഘടനകളുമായുള്ള ബന്ധങ്ങള്‍ എന്നിവകളുടെ കൂട്ടുക്കച്ചവടക്കാരനും ഇടനിലക്കാരനുമാണ് കെ.ടി. ജലീല്‍. നടപടി എടുത്താല്‍ ഇക്കാര്യങ്ങള്‍ പുറത്താകുമെന്ന ഭയം മുഖ്യമന്ത്രിയെ വേട്ടയാടുന്നു.
ലോകായുക്ത അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെയും അധ:പതനത്തിന്റെയും തെളിവാണ് ജലീലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള തീരുമാനം. കാറല്‍മാര്‍ക്സിന്റെ മൂലധനത്തേക്കാള്‍ സിപിഎമ്മിന് പ്രിയം ജലീല്‍ വഴിയുള്ള മൂലധനമാണ്. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയും ജലീലിനെ വഴിവിട്ടു സഹായിച്ചു. അനധികൃത നിയമനത്തിന് പുതിയ അധികയോഗ്യത കൂട്ടിചേര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്ലാതെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണകള്ളക്കടത്തിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് എല്ലാ അന്വേഷണങ്ങളും പിന്‍വലിക്കണം. സംസ്ഥാന ഏജന്‍സിയെ കൊണ്ട് കേസ് അട്ടിമറിക്കാനാണ് ശ്രമം. കേന്ദ്ര ഏജന്‍സി പിടികൂടിയ എല്ലാ പ്രതികളെയും മാന്യന്മാരാക്കാനും കേസില്‍ നിന്നും പുറത്തുകൊണ്ടു വരാനും സംസ്ഥാന സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുക എന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫുമായി ബന്ധപ്പെട്ട ആരോപണം മാധ്യമങ്ങളും ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷവും പുറത്തുകൊണ്ടു വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറായില്ല. അതേസമയം കേന്ദ്ര ഏജന്‍സി അന്വേഷണവുമായി മുന്നോട്ട് പോകുകയും പ്രതികള്‍ നിയമത്തിന് മുന്നില്‍ എത്തുമെന്നും ആയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. കര്‍ണാടക ലോകായുക്തയുടെ പരാമര്‍ശം മാത്രം വന്നപ്പോള്‍ രാജി ആവശ്യപ്പെട്ട സിപിഎം, കേരളത്തിലെ ലോകായുക്ത വിധിയെ എതിര്‍ക്കുന്നു. ഇത് സിപിഎം നിലപാടിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: