തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തത് അദ്ദേഹവും കൂടി കൂട്ടുകക്ഷി ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ധാര്‍മ്മികത അല്‍പ്പം പോലും ഇല്ലെന്നതിന്റെ തെളിവാണ് മന്ത്രി പദം ഉപേക്ഷിക്കില്ലെന്ന നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുരയ്ക്കാന്‍ മാത്രമല്ല കടിക്കാനും അധികാരം നല്‍കിയിട്ടുണ്ടെന്നാണ് ലോകായുക്തയെക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുളളത്. ലോകായുക്തയുടെ കടിയേറ്റ ജലീലിനെതിരേ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി വൈകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ നിയമവകുപ്പ് മന്ത്രി എ.കെ. ബാലനും ആരോപണ വിധേയനായ കെ.ടി. ജലീലുംഎടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം അപഹാസ്യമായിട്ടുള്ള നടപടിയാണ്. ലോകായുക്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വെല്ലുവിളിച്ച ജലീലിന്റെ നിലപാട് അത് തന്റെ അനുവാദത്തോട് കൂടിയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം.
ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍ അതിനു പകരം അദ്ദേഹത്തിന്റെ വക്താവായ മന്ത്രി എ.കെ. ബാലനെ വെട്ട് പ്രസ്താവന നടത്തുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി എന്തിനെയാണ് പേടിക്കുന്നത്. സിപിഎമ്മിന്റെ നേതാക്കള്‍ക്കില്ലാത്ത പ്രത്യേക ആനുകൂല്യമാണ് മുഖ്യമന്ത്രി കെ.ടി. ജലീലിന് നല്‍കുന്നത്. ജലീലിന്റെ കാര്യത്തില്‍ മുമ്പും മന്ത്രി സൗമനസ്യത്തോടെയുള്ള നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇ.പി.ജയരാജന്, തോമസ് ചാണ്ടി എന്നിവരുടെ കാര്യത്തില്‍ കാണിക്കാത്ത ഇളവാണ് മുഖ്യമന്ത്രി ജലീലിന് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതും ലോകായുക്ത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വ്യത്യാസം ജനങ്ങള്‍ക്ക് അറിയില്ലെന്ന് കരുതിയാണ് ജലീലും സിപിഎമ്മും ന്യായം നിരത്തുന്നത്. ലോകായുക്ത ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷമാണ് കുറ്റം ചെയ്തുവോയെന്ന് കണ്ടെത്തുക. എന്നാല്‍ ഹൈക്കോടതിയില്‍ പരാതിക്കാരന് ഹാജരാക്കുന്ന തെളിവുകള്‍ മാത്രമാണ് ഉണ്ടാകുകയെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് എ.കെ. ബാലന് പറയുന്നത്. എന്നാല്‍ സ്വജനപക്ഷപാതം അഴിമതിയാണെന്ന നിലപാടാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെ അംഗീകരിച്ചിട്ടുള്ളത്. ഇതിനെയൊക്കെ തള്ളി ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി നിലപാടിലും വലുതാണ് ഇവരുടെ രഹസ്യ ഇടപാടുകളെന്ന് വേണം മനസ്സിലാക്കാനെന്നും മുരളീധരന് പറഞ്ഞു.
മാണിയെ കൂട്ടുപിടിച്ച് ബന്ധു നിയമനത്തെ ന്യായീകരിക്കുന്ന സിപിഎം നിലപാടിനെയും വി. മുരളീധരന് വിമര്‍ശിച്ചു. മാണി നടത്തിയ അഴിമതി പോലെ അഴിമതി നടത്തുന്നുവെന്നാണ് വാദമെങ്കില്‍ ജനങ്ങളോട് അത് പറയണം. ഇത്രയും കാലം പറഞ്ഞത് കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനെയും അംഗീകരിക്കുന്നില്ലെന്നാണ് ഈ നിലപാടുകളിലൂടെ മനസ്സിലാകുന്നതെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: