പരവൂര്‍ (കൊല്ലം): പരവൂര്‍ പുറ്റിങ്ങല്‍ രാജ്യത്തിന്റെ നീറുന്ന ഓര്‍മയായിട്ട് ഇന്ന് അഞ്ചുവര്‍ഷം. ക്ഷേത്ര ഉത്സവനഗരിയെ ഒരു തീപ്പൊരി നിമിഷങ്ങള്‍കൊണ്ട് അഗ്നിഗോളമാക്കി മാറ്റി 118 പേരുടെ ജീവനുകള്‍ കവര്‍ന്ന ദുരന്തം ഞെട്ടലോടെയാണ് നാട് ഓര്‍ക്കുന്നത്.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.16നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചുവച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീപിടിച്ചതോടെ വന്‍ശബ്ദത്തോടെ പൊട്ടിച്ചിതറി. ഉഗ്രസ്ഫോടനത്തിന്റെ തീവ്രതയില്‍ ചിതറിവീണ ശരീരഭാഗങ്ങളും ചേതനയറ്റ ദേഹങ്ങളുമായി ക്ഷേത്രമൈതാനം ശവപ്പറമ്പായി. കത്തിക്കരിഞ്ഞ മാംസവും തളംകെട്ടിയ രക്തവും ജീവനുവേണ്ടിയുള്ള ദീനരോദനങ്ങളും ദുരന്തം നേരില്‍ കണ്ടവരുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. അന്ന് പരിക്കേറ്റത് 720 പേര്‍ക്കാണ്. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കും കേടുപാടുണ്ടായി.
തകര്‍ന്ന കമ്പപ്പുരയില്‍നിന്ന് തെറിച്ചുപോയ കോണ്‍ക്രീറ്റ് കഷ്ണങ്ങളും അതിലെ കമ്പികളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വെടിമരുന്ന് കൈവശം വെക്കാന്‍ ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചുവച്ചതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. കേസിലെ 59 പ്രതികളില്‍ ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചു. 1658 പേരാണ് പരവൂര്‍ പോലീസിന്റെ സാക്ഷിപ്പട്ടികയിലുള്ളത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പിഎസ് ഗോപിനാഥന് കമ്മിഷന് തെളിവെടുപ്പ് തുടരുകയാണ്. കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍. 52 പ്രതികള്‍ക്കുള്ള കുറ്റപത്രം തിരുവനന്തപുരം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്. സിബിസിഐഡിക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്.സാബുവാണിത് സമര്‍പ്പിച്ചത്. 10,600 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ സര്‍ക്കാര്‍-പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ പ്രതികളല്ല. മരിച്ചുപോയ കരാറുകാരനെ ഉള്‍പ്പെടെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും അതിന്മേലുള്ള തുടര്‍നടപടികള്‍ കോടതിയില്‍ നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: