തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരുന്നതാണ്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിട്ടിലുള്ളവര്‍ക്ക് മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും കൂട്ടുന്നതാണ്.
സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാന്‍ വാക്സിനേഷന് ദ്രുതഗതിയിലാക്കണം. വാക്സിനേഷനില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന് എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി എത്രയും വേഗം വാക്സിന് സ്വീകരിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്സിന് എടുത്തു എന്ന് ഉറപ്പു വരുത്തും. അതിനായി മാസ് കാമ്പയിന് ആരംഭിക്കും. അതനുസരിച്ച് വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് മാനേജുമെന്റും നോണ്‍ കോവിഡ് മാനേജുമെന്റും ഒരുപോലെ നടത്താന്‍ സംസ്ഥാനത്തിനായി. അതിനാല്‍ തന്നെ മരണ നിരക്ക് നന്നായി കുറയ്ക്കാനായി. ഇനിയും ആ പ്രവര്‍ത്തനം തുടരും. കോവിഡ് വര്‍ധിച്ചാല്‍ ചില ആശുപത്രികളെ പൂര്‍ണമായും കോവിഡ് ആശുപത്രികളാക്കി മാറ്റേണ്ടിവരും. അതനുസരിച്ച് മറ്റ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമുണ്ടാക്കും. പരമാവധി ആളുകളുടെ ജീവന് രക്ഷിക്കാനാണ് പ്രാധാന്യം നല്‍കുന്നത്.
കോവിഡാനന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. സംസ്ഥാനത്ത് മരണനിരക്ക് 0.4 ആയി പിടിച്ചു നിര്‍ത്താനായത് കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ്. ഇപ്പോള്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെയിന്‍ ബ്രേക്ക് ചെയ്യുക എന്നതാണ് പ്രധാനം. ഏപ്രില്‍ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നമുക്ക് നന്നായി പിടിച്ചുനിര്‍ത്താനാകും. ബാക് ടു ബേസിസ് കാമ്പയിന് ശക്തമാക്കണം. എല്ലാവരും മാസ്ക് ധരിക്കണം. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
മന്ത്രി ടി.പി. രാമകൃഷ്ണന് പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: