ആരോഗ്യ വിദഗ്ദ്ധര്‍ പ്രവചിച്ചതുപോലെ കൊവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം രാജ്യത്ത് സംഭവിച്ചിരിക്കുന്നു. പ്രതിദിനം രോഗികളുടെ എണ്ണം തുടര്‍ച്ചയായി മൂന്നു ദിവസം ഒരുലക്ഷം കടന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. നേരത്തെ ഇത് ഒരു ലക്ഷം കടന്നിരുന്നില്ല. മറ്റ് രാജ്യങ്ങളില്‍ നേരത്തെ ഉണ്ടായ അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നതായിരിക്കും. അതുകൊണ്ടാണ് രോഗികളുടെ എണ്ണം ആദ്യ വ്യാപനകാലത്തേക്കാള് കൂടുതലായിരിക്കുന്നത്. അതേസമയം, മരണനിരക്ക് കൂടുതലാവുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ കരുതുന്നില്ല. ആശങ്കയല്ല, കരുതല്‍ തന്നെയാണ് ഇനിയും വേണ്ടത്. രോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തിലുള്ള തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ കയ്യൊഴിയണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് ഒറ്റമൂലിയായി കരുതരുത്. വാക്സിനേഷനെക്കാള്‍ സോഷ്യല്‍ വാക്സിന്-സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍-ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ആദ്യ വ്യാപനത്തിന്റെ തുടര്‍ച്ചയല്ല, വൈറസിന്റെ പുതിയ വകഭേദമാണ് രണ്ടാം വ്യാപനമെന്ന വസ്തുത മനസ്സിലാക്കണം. ലോക്ഡൗണിലൂടെയും മറ്റും ഒന്നാം വ്യാപനത്തെ ചെറുത്തു തോല്‍പ്പിച്ചത് അലസതയ്ക്ക് കാരണമാവരുത്.
ഭാരതത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്റ് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. മുംബൈയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മധ്യപ്രദേശിലെ നഗരങ്ങളില്‍ ലോക്ഡൗണിനെക്കുറിച്ച് ആലോചിക്കുകയാണത്രേ. തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ ഇരുന്നു മാത്രമേ യാത്ര അനുവദിക്കൂ. തീയേറ്ററുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റും 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കേരളത്തിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. രോഗവ്യാപനത്തോത് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും മറ്റും ഭാഗമായി ആളുകള്‍ കൂട്ടം ചേര്‍ന്നതിന്റെ ഫലമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിന്റെ രോഗപ്രതിരോധം പല ഘട്ടത്തിലും പാളിപ്പോയിരുന്നു. 20 കോടിയിലേറെ ജനസംഖ്യയുള്ള ഉത്തര്പ്രദേശിനുപോലും കൈവരിക്കാനായ നേട്ടങ്ങള്‍ മൂന്നരക്കോടി മാത്രം ജനങ്ങളുള്ള കേരളത്തിന് അന്യമായത് വിമര്‍ശിക്കപ്പെട്ടു. രോഗവ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഇവിടെ ഇല്ലാതായി. ആളുകള്‍ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുപോയി.
കൊവിഡിന് ഇപ്പോഴും മരുന്നില്ല. പ്രതിരോധ മരുന്നാണുള്ളത്. പ്രതിരോധശേഷി കൊണ്ടുമാത്രമേ അതിജീവിക്കാനാവൂ. ഈ യാഥാര്‍ത്ഥ്യം രോഗം ബാധിച്ചവരും അല്ലാത്തവരും ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തിലൂടെ മാത്രമേ ഈ മഹാവിപത്തിനെ മറികടക്കാനാവൂ. ആദ്യവ്യാപനത്തിന്റെ കാര്യത്തില്‍ ഭാരതത്തിന് അത് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. വികസിത രാജ്യങ്ങള്‍ക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് ഭാരതം നേടിയെടുത്തത്. പ്രതിരോധ മരുന്ന് നിര്‍മാണത്തിലും കുത്തിവയ്പ്പിലും ലോകത്തിന് മാതൃകയാവാന്‍ രാജ്യത്തിന് കഴിഞ്ഞു. നിരവധി രാജ്യങ്ങള്‍ക്ക് പ്രതിരോധമരുന്ന് എത്തിച്ചത് ഭാരതമാണ്. എന്നാല്‍ ഇതിനിടയിലും രാഷ്ട്രീയമായ വിമര്‍ശനങ്ങളുയര്‍ത്തി ഭരണസംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനും, ആശയക്കുഴപ്പങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചത്. മഹാമാരിയെ കൂട്ടുപിടിച്ച് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുകയാണ് കോണ്‍ഗ്രസ്സും മറ്റും ചെയ്തത്. അവര്‍ ഇപ്പോഴും അത് തുടരുകയാണ്. ഇക്കൂട്ടരുടെ കുപ്രചാരണങ്ങള്‍ വിശ്വസിക്കാതെ രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. ആദ്യ രോഗ വ്യാപനകാലത്ത് സംഭവിച്ച വീഴ്ചകള്‍ പോലും ഇപ്പോഴത്തെ രണ്ടാം വ്യാപനത്തില്‍ ഉണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: