ആലപ്പുഴ: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു. മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സഞ്ജുവിനെ വീടുകയറി ആക്രമിച്ചു. അരൂരില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കെ. സഞ്ജുവിനെ ഡിവൈഎഫ്ഐക്കാര്‍ വീടു കയറി അതിക്രൂരമായ മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ആംബുലന്‍സിലാണ് അക്രമത്തിനായി ഡിവൈഎഫ്ഐ ചുനക്കര മേഖലാ പ്രസിഡന്റ് ആര്. റിനീഷും മേഖലാ കമ്മിറ്റി അംഗമായ അഖിലും സഞ്ജുവിന്റെ ചുനക്കരയിലുള്ള വാടക വീടായ പഞ്ചവടിയില്‍ എത്തിയത്.
ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് സഞ്ജു പറഞ്ഞു. സംഭവ സമയത്തു വീട്ടിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. ക്രൂരമായ മര്‍ദ്ദനത്തിനിരയായ സഞ്ജുവിനെ മാവേലിക്കര ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു പരാജയഭീതിയാണ് ഇത്തരത്തിലുള്ള ആക്രമണത്തിനു സഖാക്കളെ പ്രേരിപ്പിച്ചതെന്നാണ് വിമര്‍ശനം.
യുവമോര്‍ച്ച അരൂര്‍ മണ്ഡലം സെക്രട്ടറിയെ ഡിവൈഎഫ്ഐക്കാര്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി വളമംഗലം സ്വദേശി ജിസ്റ്റോയെ തുറവൂര്‍ വളമംഗലം പുരന്ദരേശ്വര ക്ഷേത്രത്തിന് സമീപത്ത് വച്ച് ഡിവൈഎഫ്ഐക്കാര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പട്ടണക്കാട് ബ്ലോക്ക് മെമ്പര്‍ അനീഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം. ജിസ്റ്റോയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അഫ്സല് സുജായിക്കാണ് (26) വെട്ടേറ്റത്. ഇയാളെയും സംഘര്‍ഷത്തില്‍ പരിക്കേറ്റ കെഎസ്യു നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളിയെയും (30) കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. എരുവ മാവിലേത്ത് സ്കൂളിനു മുന്നില്‍ നടന്ന ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: