ന്യൂദല്‍ഹി : കോവിഡ് രണ്ടാംതരംഗം ജാഗ്രതാ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും എത്തുന്ന ന്യൂസിലാന്‍ഡ്/ ഇന്ത്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി ന്യൂസിലാന്‍ഡ് ഭരണകൂടം അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്.
രാജ്യത്ത് ഇതുവരെ 1,29,28,574 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 1,18,51,393 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നുമാണ് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 9,01,98,673 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.
അതേസമയം കോവിഡ് രണ്ടാം തരംഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്ശ്ശമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വാരാന്ത്യങ്ങളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബെംഗളൂരുവില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസ മേഖലയില്‍ നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പരിശോധന വര്‍ധിപ്പിക്കാനും പൊതുസ്ഥലത്ത് നിയന്ത്രണങ്ങള്‍ കൂട്ടാനുമാണ് തീരുമാനം. പൊതുജനങ്ങള്‍ മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: