കണ്ണൂര്‍ : പാനൂരില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെച്ച് ജില്ലാ കളക്ടര്‍ സമാധാന യോഗം വിളിച്ചു. മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരം കഴിഞ്ഞ ദിവസം വ്യാപക ആക്രമണം ഉണ്ടായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് കളക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കുന്നത്.
രാവിലെ 11ന് കളക്ട്രേറ്റിലാണ് വിവിധ രാഷട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ബാവാച്ചി റോഡിലെ സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും, പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ,വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്കീഴില് ഇഎഎസ് സ്മാരക വായനശാലയും, കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്കീഴില് ബ്രാഞ്ച് ഓഫീസും, തകര്‍ത്തശേഷം തീയിട്ടു. ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരേയും അക്രമണമുണ്ടായി.
രക്തസാക്ഷി മണ്ഡപവും, സിപിഎം കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പുല്ലൂക്കര- പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: