വോട്ടിടാന്‍ തുടങ്ങുംമുമ്പേ തോറ്റവന്റെ ശരണം വിളിയിലാണ് തെരഞ്ഞെടുപ്പിന്റെ തുടക്കം. അറിഞ്ഞോ അറിയാതെയോ ആറാം നാള് പൊട്ടിയ ബോംബ് അയ്യപ്പന്റെ വകയായത് നിമിത്തം. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന് നിലനില്പില്ലെന്ന എം.വി.ഗോവിന്ദന്റെ താത്വികനിലവിളിയില് തുടങ്ങി നാല് വോട്ടിന് മാപ്പ് പറഞ്ഞും പൊങ്കാലയിട്ടും കഴക്കൂട്ടത്ത് അലഞ്ഞ കടകംപള്ളിയില്‍ വരെ പ്രകടമായിരുന്ന ആശങ്ക പിണറായിയെ കൊണ്ടും ശരണം വിളിപ്പിച്ചു.
ശബരിമല തകര്‍ക്കാന്‍ അച്ചാരം പറ്റി ആഞ്ഞുപിടിച്ചവരും അനങ്ങാപ്പാറകളായി മൗനിബാബ കളിച്ചവരും ഒരുമിച്ച് ശരണം വിളിച്ചതാണ് ഇന്നലത്തെ ഹൈലൈറ്റ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ‘ഭരണമാറ്റം’ ആഗ്രഹിക്കുന്നുവെന്ന പ്രസ്താവനയോടെ തുടങ്ങിയതാണ് ശരണം വിളി. അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് സാക്ഷാല്‍ പിണറായി വിജയനാണ് ആദ്യം ഞെട്ടിച്ചത്. സംശയിക്കണ്ട, 50 കോടി മുടക്കി വനിതാ മതില് പണിത് അതിന്റെ പിന്നാമ്പുറത്ത് കൂടി അര്‍ധരാത്രിയില്‍ അരാജകവാദികളായ രണ്ട് സ്ത്രീകളെ ആട്ടിത്തെളിച്ച് മലകയറ്റിയ അതേ പിണറായി വിജയന് തന്നെ.
പിന്നാലെ അനങ്ങാപ്പാറകള്‍ ആര്‍ത്തി പിടിച്ച് ചാടി വീണു. ശബരിമല പ്രക്ഷോഭകാലത്ത് ഖദറുടയാതെ അകത്തിരുന്ന് സമരിച്ച ചെന്നിത്തല പിണറായിയെ പ്രാകി. അയ്യപ്പകോപമുണ്ടാകുമെന്നായിരുന്നു പ്രാക്ക്. ഉമ്മന്‍ ചാണ്ടിയും കെ. മുരളീധരനും കെ.സുധാകരനും എന്തിന് സാക്ഷാല്‍ എ.കെ. ആന്റണി വരെ കിടക്കപ്പായില്‍ നിന്ന് എണീറ്റ് ഇരുന്ന് ശരണം വിളിച്ചു. ‘എന്റെ പൊന്നയ്യപ്പ സ്വാമി എല്ലാം പൊറുക്കണേ’ എന്ന് പിണറായി പരസ്യമായി പറയണം എന്നായിരുന്നു ആന്റണിയുടെ ആവശ്യം. ദേവഗണങ്ങള്‍ അസുരന്മാരുടെ കൂടെ ചേരില്ലെന്ന് സുധാകരന് കമന്റടിച്ചു.
അതിനിടയില്‍ സുകുമാരന്‍ നായരെ വിരട്ടാനായിരുന്നു ബാലന് മന്ത്രിയുടെ ശ്രമം. കേസ് കൊടുക്കുമത്രെ. ഞാന്‍ എന്റെ വഴി നോക്കിക്കോളാമെന്ന് എന്‍എസ്എസ് നേതാവ് തിരിച്ചടിച്ചു. എപ്പോഴുമെന്ന പോലെ എസ്എന്‍ഡിപി യൂണിയന് ജനറല്‍ സെക്രട്ടറിയും കമന്റുമായി രംഗത്തെത്തി. ‘ഇതിത്തിരി നേരത്തെ പറഞ്ഞെങ്കില്‍ പ്രയോജനപ്പെട്ടേനെ’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഉപദേശം.
യുപിയിലും ബംഗാളിലും ‘ജയ് ശ്രീറാം’ വിളിച്ചത് പോലെ, തമിഴകത്ത് ‘വെട്രിവേല്‍ വീരനേ’ എന്ന് വിളിച്ചതു പോലെ കോന്നിയില്‍ അയ്യന്റെ മണ്ണിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന് വിളിച്ചു. ശരണം വിളിച്ചതിലൂടെ അദ്ദേഹം കേരളത്തിന്റെ മതസൗഹാര്‍ദ്ദം പിച്ചിച്ചീന്തിയെന്നായിരുന്നു എം.എ. ബേബിയുടെ ആക്രോശം … എന്നിട്ടിപ്പോള്‍ എല്ലാവരും ശരണം വിളിക്കുകയാണ്. കഴക്കൂട്ടത്ത് കടകംപള്ളി മാപ്പ് പറഞ്ഞത് തിരുത്തണമെന്ന് പറഞ്ഞ നേതാവാണ് ദേവഗണങ്ങളെ കൂട്ടുപിടിച്ചത്. എന്നിട്ടും രക്ഷയില്ല. ശരണം വിളി തെറി ജപമാണെന്ന് പറഞ്ഞവനും കേട്ടിട്ടും മിണ്ടാതിരുന്നവനുമൊക്കെ ഇപ്പോള്‍ ശരണം വിളിക്കേണ്ടി വന്നിരിക്കുന്നു എന്നത് ഒരു വിധിയാണ്. ജനവിധിക്ക് മുമ്പ് നാല് വോട്ടിന് വേണ്ടിയാണെങ്കിലും.
മറക്കാതിരിക്കാന്‍ :
‘അയ്യപ്പ സ്വാമിക്ക് ശരണം വിളിച്ച സ്ത്രീകളടക്കമുള്ള ഭക്തരെ ലാത്തി കൊണ്ടടിച്ച സര്‍ക്കാര്‍, അവരെ പിന്തുണച്ചവര്‍ അഞ്ഞൂറ് കൊല്ലം തപസ്സ് ചെയ്താലും ശാപമോക്ഷം കിട്ടാന്‍ പോകുന്നില്ല.’
നിര്‍മ്മല സീതാരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: