തൃശൂര്‍: ഉയര്‍ന്ന പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്നതില്‍ ആശങ്ക. ജനം മാറ്റം ആഗ്രഹിക്കുമ്പോഴും തരംഗം ഉണ്ടാകുമ്പോഴുമാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്താറ്. ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും പോളിങ് ശതമാനം ഉയരാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. പക്ഷേ വസ്തുത അങ്ങനെയല്ലെന്ന് നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്. തുടര്‍ഭരണത്തിന് അനുകൂലമായ തരംഗമാണ് ഉയര്‍ന്ന പോളിങ്ങിന് കാരണമെന്നാണ് ഇടത് മുന്നണി കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന് അവകാശപ്പെടുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ വ്യാപകമായി ബൂത്തിലെത്തിയതാണ് പോളിങ് നിരക്ക് ഉയരാന്‍ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറയുന്നു. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്കനുകൂലമെന്ന നിലപാടാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും. ഈ അഭിപ്രായങ്ങള്‍ക്കപ്പുറം പരിഗണിക്കേണ്ടതായ ചില വസ്തുതകള്‍ കൂടിയുണ്ട്.
നഗരപ്രദേശങ്ങളിലെ പോളിങ് ശതമാനം ഉയരുന്നത് ഒരിക്കലും തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന് എല്‍ഡിഎഫിനറിയാം. അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നഗര പ്രദേശങ്ങളിലെ ഉയര്‍ന്ന പോളിങ് നിരക്ക് അനുകൂലമാവുന്നത് എന്‍ഡിഎക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുകള്‍ കുറഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് എന്‍ഡിഎ മാത്രമാണ്.
തിരുവനന്തപുരത്ത് മാത്രമല്ല കൊച്ചി, കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങളിലും എന്‍ഡിഎ നേട്ടമുണ്ടാക്കിയിരുന്നു. പാലക്കാട്, പന്തളം, കൊടുങ്ങല്ലൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തൃപ്പൂണിത്തുറ തുടങ്ങി പല നഗരസഭകളിലും എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കി. വന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഒരുപോലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് എന്‍ഡിഎയാണ്.
മുന്‍കാലങ്ങളില്‍ വോട്ടിങ് ശതമാനം ഉയര്‍ന്നാല്‍ യുഡിഎഫിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിലായി ആ ധാരണ തെറ്റി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്തിട്ടും നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫാണ്. എന്‍ഡിഎ വോട്ടുകളും വര്‍ധിച്ചു. പക്ഷേ യുഡിഎഫിന് വോട്ട് കുറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് അതത് പ്രദേശത്തെ സവിശേഷതകള്‍ കൂടി വിലയിരുത്തിയാലേ കൃത്യമായി പറയാനാകൂ. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പരമാവധി പേരെ പോളിങ് ബൂത്തിലെത്തിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇത് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാരണങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് വാശിയേറിയതായതോടെ മൂന്ന് മുന്നണികളും പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓരോ പ്രദേശത്തും ആര്‍ക്കാണ് സ്വാധീനം എന്നതും പ്രധാന ഘടകമാണ്.
മലപ്പുറം ജില്ലയില്‍ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് യുഡിഎഫിന് ഗുണകരമാകാറുണ്ട്. ലീഗിന്റെ സ്വാധീനവും, അവരുടെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൂടുതലായി ബൂത്തിലെത്തിക്കുന്നതുമാണ് ഇതിന് കാരണം. ഉത്തര മലബാറില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോഴും വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു.
തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിനെതിരായി തിരിയാറാണ് പതിവ്. ഇക്കുറിയും ഈ ജില്ലകളിലെ പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്കനുകൂലമാകുമെന്ന് യുഡിഎഫും എന്‍ഡിഎയും കരുതുന്നു. എറണാകുളം ജില്ലയില്‍ ട്വന്റിട്വന്റിയുടെ സാന്നിധ്യവും ഉയര്‍ന്ന പോളിങ് നിരക്കിന് കാരണമായിട്ടുണ്ട്.
നിഷ്പക്ഷ വോട്ടുകള്‍ കൂടുതലായി വിധി നിര്‍ണയിക്കുന്ന ജില്ലകളാണ് മധ്യ കേരളത്തിലേത്. ഇവര്‍ കൂടുതലായി വോട്ട് ചെയ്യാനെത്തുന്നത് കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യങ്ങളിലാണ്. അതിനാല്‍ത്തന്നെ മധ്യ കേരളത്തില്‍ 2016ലെ വിജയം ആവര്‍ത്തിക്കാനാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.
തിരുവിതാംകൂറില്‍ ഉയര്‍ന്ന പോളിങ് നിരക്കിന്റെ കാരണം ശബരിമല പ്രതിഷേധമാണോയെന്ന ആശങ്ക ഇടത് മുന്നണി നേതൃത്വത്തിനുണ്ട്. ശബരിമല വിഷയം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ കരുതുന്നു. അവസാന നിമിഷത്തിലെ പിണറായിയുടെ ദൈവവിളിയും കടകംപള്ളിയുടെ ശാപവാക്കുകളും വേണ്ടത്ര ഏറ്റിട്ടില്ലെന്ന് തന്നെയാണ് സൂചന. മലബാറിലേയും തൃശൂര്‍, പാലക്കാട് ജില്ലകളിലേയും കണക്കുകളിലാണ് എല്‍ഡിഎഫിന്റെ തുടര്‍ഭരണമെന്ന പ്രതീക്ഷയത്രയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: