ന്യൂദല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ. രാത്രി 10 മുതല്‍ രാവിലെ 5 വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ട്.
അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും. ബസുകൾ, മെട്രോ, ഓട്ടോകൾ, ടാക്സികൾ, മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങൾ എന്നിവ രാത്രി കർഫ്യൂയിൽ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കായി മാത്രം അനുവദിക്കും. അവശ്യ സേവനങ്ങൾ നൽകുന്ന വകുപ്പുകൾ കർഫ്യൂവില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുകയാണ്.
പ്രൈവറ്റ് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ രാത്രി കർഫ്യൂവിൽ നിന്ന് ഒഴിവാക്കും, ഇവര്‍ തങ്ങളുടെ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടത് അനിവാര്യമാണ്. സാധുവായ ടിക്കറ്റ് ഹാജരാക്കിയാൽ വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാരെ ഒഴിവാക്കും. ഗർഭിണികളായ സ്ത്രീകളെയും ചികിത്സയ്ക്കായി പോകുന്ന രോഗികളേയും കർഫ്യൂവില്നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ദല്‍ഹിയില്‍ കോവിഡിന്റെ നാലാം തരംഗമണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച സംസ്ഥാനത്ത് 3548 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 പേര് രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: