ന്യൂദല്‍ഹി: കൊവിഡ് കാലത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ജീവനക്കാര്‍ക്ക് നന്ദി അറയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ കത്ത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് നടത്തിയ മുന്നേറ്റത്തിനും റെയില്‍വേ കുടുംബത്തോട് നന്ദി പറയുന്നു എന്ന് കത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനാത്മക നേതൃത്വത്തില്‍ മറ്റൊരു സാമ്പത്തിക വര്‍ഷത്തോട് വിടപറയുമ്പോള്‍ വളരെയധികം അഭിമാനവും, സംതൃപ്തിയും, കൃതജ്ഞതയും അനുഭവപ്പെടുന്നു. കൊവിഡ് ഘട്ടത്തിലും നേട്ടങ്ങള്‍ സമ്മാനിച്ചത് റെയില്‍വേ ജീവനക്കാരുടെ ദൃഢനിശ്ചയത്തോടെയും, ആത്മ സമര്‍പ്പണത്തോടെയുമുള്ള പ്രവര്‍ത്തനമാണ്. ഈ ഘട്ടത്തില്‍ റെയില്‍വേ കുടുംബം രാഷ്ട്ര സേവനത്തിന് സന്നദ്ധരായി. റെയില്‍വേ ജീവനക്കാര്‍ ഒരു ദിവസംപോലും അവധിയെടുക്കാതെ സമ്പദ്വ്യവസ്ഥയുടെ ചക്രങ്ങള്‍ ചലിപ്പിക്കുന്നതിനായി അപകടസാധ്യത അവഗണിച്ച് കൂടുതല്‍ കഠിനപ്രയത്നം ചെയ്തു. രാജ്യമൊട്ടാകെ അവശ്യവസ്തുക്കള്‍ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് സഹായിച്ചു. വൈദ്യുത നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി, കര്‍ഷകര്‍ക്ക് ആവശ്യമായ വളം, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എന്നിവ എത്തിക്കാന്‍ കഴിഞ്ഞു. ഈ സേവനം രാജ്യം എപ്പോഴും ഓര്‍മിക്കുമെന്നും കത്തില്‍ പറയുന്നു.
ലോക്ഡൗണില്‍ ഒറ്റപ്പെട്ടു പോയ അറുപത്തിമൂന്ന് ലക്ഷത്തിലധികം പൗരന്മാരെ അവരുടെ വീടുകളില്‍ എത്തിക്കാന്‍ 4,621 ശ്രമിക് സ്പെഷ്യലുകള്‍ സര്‍വീസ് നടത്തി. റെയില്‍വേ 1,233 ദശലക്ഷം ടണ്‍ ചരക്ക് കയറ്റിയിട്ടുണ്ട്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6,015 ആര്‍കെഎം ട്രാക്ക് വൈദ്യുതീകരണം പൂര്‍ത്തിയാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റെയില്‍ അപകടങ്ങളില്‍ യാത്രക്കാര്‍ മരിച്ച സംഭവങ്ങള്‍ ഇല്ല, കത്തില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: