എല്ലാവര്ക്കും നമസ്കാരം പറഞ്ഞ് മഞ്ചേശ്വരത്തിന്റെ മനസ്സ് സ്വന്തമാക്കുകയാണ് കെ. സുരേന്ദ്രന്. ഇവിടെ സ്ഥാനാര്‍ഥികള്‍ക്ക് മലയാളത്തിനൊപ്പം കന്നടയും തുളുവും സംസാരിക്കാന്‍ അറിയണം. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായതിനാല്‍ ജനങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നത് കന്നടയും തുളുവുമാണ്.
വേദിക്കയല്ലി സഭയല്ലി ഉപസ്ഥിതതിരുവ എല്ലറിഗു നന്ന നമസ്കാറഗളു… (വേദിയിലും സദസ്സിലുമിരിക്കുന്ന എല്ലാവര്ക്കും നമസ്കാരം) എല്ലാ പ്രസംഗവേദികളും ഉണരുന്നത് ഇങ്ങനെയാണ്. കന്നടയിലും തുളുവിലും വീഡിയോകളും പോസ്റ്ററുകളും പുറത്തിറക്കിയാണ് എന്‍ഡിഎ പ്രചാരണം കൊഴുപ്പിക്കുന്നത്. കെ. സുരേന്ദ്രന്റെ പ്രചാരണത്തിലെ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സുരേന്ദ്രന്റെ പര്യടനം തുടങ്ങുന്നത്. കാറില്‍ കയറി മലയാളം, കന്നട ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചപ്പോളേക്കും കൊണ്ടെവൂര്‍ ശ്രീ നിത്യാനന്ദ ആശ്രമത്തിലെത്തി.
കേരള സഹപ്രഭാരി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ആശ്രമത്തിലെ വേദമതാ ശ്രീ ഗായത്രി ദേവിയുടെയും സ്വാമി യോഗാനന്ദ സരസ്വതിയുടെയും അനുഗ്രഹങ്ങള്‍ വാങ്ങി. ആശ്രമത്തിന് പുറത്ത് പ്രൗഢമായ സ്വീകരണം.
കന്നടയിലായിരുന്നു സ്വാഗതം. എല്ലാവരെയും സുരേന്ദ്രന് തന്നെ റോസാ പുഷ്പം നല്കി സ്വീകരിച്ചു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സുനില്‍കുമാറിന്റെ പ്രസംഗം. മഞ്ചേശ്വരത്ത് നിന്ന് പുതിയ കേരളത്തിന് തുടക്കം കുറിക്കണമെന്ന വാക്കുകള്‍ക്ക് നിറഞ്ഞ കൈയടി.
കഴിഞ്ഞ തവണ ചതിയിലൂടെ മുസ്ലിം ലീഗ് നേടിയ വിജയത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന് പ്രസംഗം ആരംഭിച്ചത്. വര്‍ഗ്ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണിന്ന് കേരളനിയമസഭയെന്ന ഓര്‍മ്മപ്പെടുത്തലോടെ മാറ്റത്തിന് വോട്ട് എന്ന ആഹ്വാനത്തോടെ പ്രസംഗം നിര്‍ത്തി.

അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടപ്പോള്‍ സമയം 10.30. ഇതിനിടെ ഒരു ചാനലില്‍ നിന്ന് വിളി. അഭിമുഖത്തിനാണ്. സമയം കുറവാണെന്ന് സൂചിപ്പിച്ച് കെ.സുരേന്ദ്രന് അരമണിക്കൂര്‍ നേരം നല്കി. കുറിക്ക് കൊള്ളുന്ന ഉത്തരങ്ങള്‍. വ്യക്തം, സ്പഷ്ടം… അപ്പോഴേക്കും കുമ്പള എത്തി. അവിടെ പഞ്ചായത്ത് കണ്‍വെന്‍ഷനാണ്.
വാദ്യമേളത്തിന്റെ അകമ്പടിയോടെ വരവേല്‍പ്പ്. ആരതി ഉഴിഞ്ഞാണ് ഹാളിലേക്ക് കെ. സുരേന്ദ്രനെ സ്വീകരിച്ചത്. നിറഞ്ഞ സദസ്സ്. കന്നടയിലും മലയാളത്തിലുമായി സുരേന്ദ്രന്റെ പ്രസംഗം. പൊരിവെയിലിനെ കൂസാതെ കുമ്പള ടൗണില്‍ വോട്ടഭ്യര്‍ത്ഥന. അതിനിടയില്‍ അഭിമുഖത്തിനായെത്തിയ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പ്രതിനിധിയെ വാഹനത്തില്‍ ഒപ്പം കൂട്ടി.
ബംബ്രാണ ആണ്ടിത്തഡ്ക കോളനിയിലേക്കായിരുന്നു യാത്ര. കോളനിയില്‍ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ ആബാലവൃദ്ധം ആളുകളുണ്ടായിരുന്നു. അവിടുത്തെ ഒരു കാരണവരെ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയപ്പോള്‍ ‘ചേട്ടനെ എനിക്ക് നേരത്തെ അറിയാ’മെന്ന് പറഞ്ഞ് അദ്ദേഹത്തെ സുരേന്ദ്രന് കെട്ടിപ്പിടിച്ചു.
ഉച്ചയൂണിനും വിശ്രമത്തിനും ശേഷം മൂന്നുമണിയോടെ വീണ്ടും വോട്ടര്‍മാരെ നേരില്‍ കാണാന്‍. പെര്‍ള നളന്ദ കോളേജ്, എന്മകജെ, വോര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍… എല്ലായിടത്തും ആവേശകരമായ വരവേല്‍പ്പ്.

കേരളത്തിലെ വികസന മുരടിപ്പ് തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടക അതിര്‍ത്തി കടന്ന് നേതാക്കള്‍ എത്തുന്നതാണ് മഞ്ചേശ്വരത്തെ ആവേശം. കര്‍ണാടക എംഎല്‍എയും ചീഫ് വിപ്പുമായ സുനില്‍ കുമാര്‍ കാര്‍ക്കള, നളിന്‍കുമാര്‍ കട്ടീല്‍ എംപി, ബിജെപി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സുദര്ശന്, സെക്രട്ടറി സതീഷ് കുമ്പള, തുടങ്ങിയ നേതാക്കള്‍ സജീവമാണ് പരിപാടികളില്‍. കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും മിക്ക ദിവസവും പ്രചാരണത്തിനെത്തുന്നുണ്ട്.
മഞ്ചേശ്വരത്തെ വോട്ടര്‍മാരോട് തൊഴുകൈയോടെ പറയാനുള്ളത് ഒന്നു മാത്രം.
‘അഭിവൃദ്ധി കേരളക്യാകി എന്ഡിഎഗി മാതാ.’ (കേരളത്തിന്റെ വികസനത്തിന് എന്‍ഡിഎയ്ക്ക് ഒരു വോട്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: