കൊല്ലൂര്‍: മൂകാംബിക ദേവിയെ ഏഴു നിലകളിലുള്ള ബ്രഹ്മരഥത്തില്‍ വലിച്ചെഴുന്നെള്ളിച്ച് ജന്മപുണ്യം തേടി ഭക്തര്‍. ദേവിയുടെ ജന്മനക്ഷത്ര ദിനമായ വൈകിട്ട് രഥംവലി ആരംഭിച്ചതോടെ ദേവീ മന്ത്രോച്ചാരണത്താല്‍ സായംസന്ധ്യ ഭക്തിനിര്‍ഭരമായി.
കിഴക്കേ ഗോപുരത്തിനു മുന്നില്‍ നിന്ന് ദേവിയുടെ ഇരട്ടവിഗ്രഹങ്ങള് സ്ഥാപിച്ച രഥവും വലിച്ച് ഭക്തര്‍ ബാന്‍ഡ് സെറ്റിന്റെയും ഭജനയുടേയും മറ്റ് വാദ്യഘോഷങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെ മുന്നോട്ടുനീങ്ങി. വലംപിരി ഗണപതി ക്ഷേത്രം വരെ മുന്നോട്ട് നീങ്ങിയ രഥം ആറ് മണിയോടെ തിരികെ കിഴക്കെ ഗോപുരത്തിലെത്തി. രഥത്തില്‍ നിന്ന് ഇറക്കിയ ദേവീ വിഗ്രഹങ്ങള്‍ സരസ്വതി മണ്ഡപത്തിലെ പൂജയ്ക്ക് ശേഷം ശ്രീകോവിലിലേക്ക് ആനയിച്ചു. മുഹൂര്ത്തബലിയോടെ ഉച്ചയ്ക്ക് 12.05 ഓടെയാണ് ദേവീവിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നള്ളിച്ചത്.
തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിച്ചു. കാളിദാസ് ഭട്ട്, ശ്രീനാഥ് അഡിഗ എന്നിവരാണ് ദേവിയെ രഥത്തിലേറ്റിയത്. കൊവിഡ് ഭീഷണിയുള്ളതിനാല്‍ ഇത്തവണയും ഓലക മണ്ഡപം വരെ രഥംവലി ഉണ്ടായിരുന്നില്ല. രഥോത്സവത്തിന് എത്തിയ മലയാളികളുടെ എണ്ണവും കുറവായിരുന്നു. ഇന്ന് സൗപര്‍ണികയില്‍ മൂകാംബികയുടെ ആറാട്ട്. രാത്രി ഓലകമണ്ഡപത്തില്‍ വിശ്രമിച്ചശേഷം നാളെ രാവിലെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കും. 9.30-ഓടെ അശ്വാരോഹണവും മഹാപൂര്ണാഹുതിയും നടക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: