തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി ചോദിച്ച ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നത് കുറ്റസമ്മതമായി കരുതാമെന്ന് കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സ്വര്‍ണ കടത്തിനെക്കുറിച്ചും അതിലെ മുഖ്യപ്രതി സ്വപ്നയെക്കുറിച്ചും ഇതുവരെ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കേരള ജനത മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തപാല്‍വോട്ടുകള്‍ രേഖപ്പെടുത്താന്‍ പോകുമ്പോള്‍ കിറ്റും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്കുന്ന ഇടതുമുന്നണിയുടെ പ്രവൃത്തിയെ തെരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവമായി കാണണം. പക്ഷപാതരഹിതമായി തപാല്‍വോട്ടുകള്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണം. ഇതിനെക്കുറിച്ചും ഇരട്ടവോട്ടുകളെക്കുറിച്ചും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.പ്രധാനമന്ത്രിയുടെ പ്രസംഗത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അദ്ദേഹത്തിന്റെ നിലവാരമില്ലായ്മ തെളിയിക്കുന്നു.
പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രതിരോധസേനയ്ക്ക് അതിന്റെ ചെലവ് നല്‍കുന്നത് പുതിയ കാര്യമല്ല. ഇത് ചിലപ്പോള്‍ അതത് സംസ്ഥാനങ്ങള്‍ നല്‍കും. മറ്റു ചിലപ്പോള്‍ കേന്ദ്രമായിരിക്കും ആ ചെലവ് വഹിക്കുക. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനാകാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി പ്രളയത്തിന് ചെലവാക്കിയ പണത്തെ കുറിച്ചു പറഞ്ഞ് വിവാദമുണ്ടാക്കുന്നത്. വലിയതുറ ഫിഷിംഗ് ഹാര്‍ബര്‍ കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍മാണത്തിന് കാത്തിരിക്കുന്നു. നിലവില്‍ അവിടെ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സുരക്ഷിതമായി വസ്ത്രം മാറാനുള്ള സൗകര്യം പോലും അവിടെയില്ല.ഇക്കാര്യത്തില്‍ കേന്ദ്രം സഹായിക്കാന്‍ തയ്യാറാണ്. പക്ഷേ സംസ്ഥാനസര്‍ക്കാര്‍ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദേശീയപാത, സംസ്ഥാന പാത എന്നിവയ്ക്കായി അനുവദിച്ച പണം കേരളം പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല. ഇവിടെ അഴിമതി മാത്രമാണ് നടക്കുന്നത്.
ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞദിവസം സിപിഐ നേതാവ് ആനിരാജ പറഞ്ഞതിനോട് സിപിഎമ്മും കോണ്‍ഗ്രസും അനുകൂലിക്കുന്നുണ്ടോ ? ഒരു വശത്ത് വിശ്വാസികളുടെ വോട്ടു തേടുന്നു. എന്നാല്‍ മറുവശത്ത് വിശ്വാസം സംരക്ഷിക്കാന്‍ തയ്യാറാകുന്നുമില്ല. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുംവിധം അനാവശ്യവിവാദങ്ങളുണ്ടാക്കുകയാണ് ഇടതുവലത് മുന്നണികള്‍. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പാര്‍ട്ടി നേതാവിന്റെ ഭാര്യയ്ക്കും എന്‍ഫോഴ്സ്മെന്റ് നിരവധി നോട്ടീസുകള്‍ നല്‍കിയെങ്കിലും ഇതുവരെ ആരും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയുടെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നെങ്കിലും തെരുവില്‍ തമ്മിലടിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. ശബരിമല വിഷയത്തില്‍ കെപിസിസിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രണ്ടു തട്ടിലാണ്. യുഡിഎഫിലും എല്‍ഡിഎഫിലും വിഭാഗീയതയും ഗ്രൂപ്പിസവും തമ്മില്‍ പോരും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള വികസനം ഉറപ്പുനല്‍കുന്ന ബദലായി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മാറിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബംഗാളിലും ആസാമിലും ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ രൂപീകരിക്കും. കേരളത്തില്‍ ഒരു ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 20 വര്‍ഷം വേണ്ടി വരുന്നു. പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ നല്കി അഴിമതി മാത്രം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും സുഹൃത്തുക്കളാണ്. ഈ രണ്ട് മുന്നണികളെയും ഒഴിവാക്കി കേരള ജനത എന്‍ഡിഎയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: