കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ സ്മരണികയില്‍ മാര്‍ക്സിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയെ കേരളത്തിന്റെ നവോത്ഥാന നായകനാക്കി. കേരളത്തിന്റെ സാംസ്കാരിക ചരിത്രം തിരുത്തിയെഴുതാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിശ്രമങ്ങളുടെ ബാക്കിപത്രമാണിത്. സാംസ്കാരിക വകുപ്പ് കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചരിത്രത്തെയും സംസ്കാരത്തെയും കൊഞ്ഞനംകുത്തുകയും പാര്‍ട്ടിവല്‍കരിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളിലൊന്നു മാത്രമാണിത്.
കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബൃഹദ് സാംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒരുമാസം മുമ്പ് പുറത്തിറിക്കയ സാംസ്കാരിക വകുപ്പിന്റെ സാംസ്കാരിക കേരളം വിശേഷാല്‍പ്രതിയിലുണ്ട്. ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയമാണ് പി. കൃഷ്ണപിള്ളയുടെ പേരില്‍ ഉദ്ദേശിക്കുന്നത്. നവോത്ഥാന നായകരുടെ പട്ടികയിലാണ് കൃഷ്ണപിള്ളയുടെ പേരും. തിരുവനന്തപുരം- അയ്യങ്കാളി, കൊല്ലം- ശ്രീനാരായണഗുരു, പത്തനംതിട്ട- ചട്ടമ്പിസ്വാമികള്‍ എന്നീ ജില്ലകള്‍ക്ക് ശേഷമാണ് ആലപ്പുഴ ജില്ലയില്‍ കൃഷ്ണപിള്ളയുടെ പേരും ചിത്രവും നല്‍കിയിരിക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ഗുരുവിന്റെ പ്രതിമയില്‍ രക്തഹാരമണിയിച്ചതിന്റെ ചിത്രവും സ്മരണികയിലുണ്ട്. ശില്‍പ്പി ഉണ്ണി കാനായി നിര്‍മ്മിച്ച ശില്‍പ്പം അതിമനോഹരമാണെങ്കിലും അതില്‍ അണിയിച്ചിരിക്കുന്ന ചുവന്ന ഹാരം സിപിഎം നടത്തുന്ന സാംസ്കാരികവൈകൃതത്തെ ഓര്‍മ്മിപ്പിക്കുന്നു. 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സാംസ്കാരിക ഉന്നത സമിതിയാണ് സര്‍ക്കാരിന്റെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഏകോപനം നടത്തുന്നത്.
സര്‍ക്കാര്‍ നിയമിക്കുന്ന ഭരണസമിതികളുടെ കീഴിലാണെങ്കിലും വിവിധ അക്കാദമികളും സ്മാരക സമിതികളുമൊക്കെ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ ഉന്നതസമിതിയുടെ രൂപീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: