കഴക്കൂട്ടം: ശബരിമല സ്തീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന്റെ ഇരട്ടത്താപ്പ് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നു. ശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര് സ്ത്രീകളുടെ ‘അശുദ്ധി’യെ ഭയക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു ലാല്‍ നേരത്തെ എഴുതിയിരുന്നത്
ശബരിമലയിലേയ്ക്ക് പോയ ബസ് മറിഞ്ഞപ്പോള്‍ ദേഹത്ത് പരിക്കുമായി വന്ന അയ്യപ്പന്മാരെ വനിതാ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് മുറിവ് വച്ചുകെട്ടിയും കുത്തിവയ്പ്പെടുത്തുമൊക്കെ ചികിത്സിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഭക്തന്മാരുടെ ശരീരത്തില്‍ തൊടാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. ചികിത്സ നല്കിയ സ്ത്രീകളില്‍ പലരും അവരുടെ ‘അശുദ്ധ’മായ മാസമുറക്കാലത്ത് ആയിരുന്നിരിക്കാം. ശബരിമല തീര്‍ത്ഥാടനകാലത്ത് സ്തീകള്‍ക്ക് മാസമുറ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. ശബരിമല പ്രശ്നം കത്തിനിന്ന സമയത്ത് ഫേസ് ബുക്കില്‍ ലാല്‍ എഴുതി
വഴിയരികിലെ കടകളില്‍ പെണ്ണുങ്ങള് ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും ആശുദ്ധിയുടെ പ്രശ്നമില്ല. ആര്‍ത്തവമുള്ള പെണ്ണുങ്ങള് പണിയെടുത്ത് കൊണ്ടുവന്ന കാശുവാങ്ങി അമ്പലത്തില്‍ക്കൊണ്ട് കാണിക്കയിടാനും പ്രശ്നമില്ല. കറന്‍സി നോട്ട് ആരുതൊട്ടാലും അശുദ്ധമാകില്ലല്ലോ. ഇതെല്ലാം ഇരട്ടത്താപ്പ് തന്നെയാണ്.
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് കഥകളെ ഉദ്ധരിച്ച് ഭക്തര്‍ പറയുന്നത്. അതായത്, ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല എന്ന്. അയ്യപ്പനോട് ചോദിച്ചറിയാന്‍ കഴിയാത്ത കാര്യമായതിനാല്‍ കഥകളെ വിശ്വസിക്കാം. പക്ഷേ അതിന്റെയര്‍ത്ഥം സ്ത്രീകളാരും ആ വഴി പോകരുത് എന്നല്ല.
ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ കളങ്കം വരുത്തില്ല എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് ധൈര്യം വേണം. വിശ്വാസികള്‍ അയ്യപ്പന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വസിക്കണം. അദ്ദേഹത്തിന്റെ കണ്ട്രോളില്, ആത്മനിയന്ത്രണത്തില്‍, വിശ്വസിക്കണം. എന്നായിരുന്നു ലാല്‍ എഴുതിയത്.
ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തന്ത്രം മെനഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രനും തടയാന്‍ മുന്നില്‍ നിന്ന ശോഭാ സുരേന്ദ്രനും നേര്‍ക്കു നേര് മത്സരിക്കുന്ന കഴക്കുട്ടത്ത് ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. അതിനിടയിലാണ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുന്‍ നിലപാട് ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: