കഴക്കൂട്ടം: കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും തകര്‍ക്കുന്നത് ജന്മാവകാശമായി കണ്ടു പ്രവര്‍ത്തിക്കുകയാണെന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ നേതൃത്വം നല്കി അയ്യപ്പ വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച മന്ത്രിയാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നത്. അദ്ദേഹത്തെ പരാജയപ്പെടുത്തി വിശ്വാസം സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന് യോഗി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ വിദ്യാസമ്പരന്നായ യുവ ജനങ്ങള്‍ തൊഴിലിനു വേണ്ടി സംസ്ഥാനത്തു നിന്ന് പലായനം ചെയ്യുകയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ തൊഴിലില്ലാത്ത യുവജനങ്ങളുടെ താല്പര്യത്തിനു വിപരീതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റേണ്ടത് അനിവാര്യമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്കിയ മുഴുവന്‍ ജനങ്ങളെയും അഭിനന്ദിക്കുന്നു. മോദി ഭരണത്തില്‍ രാജ്യത്തെ വികസന കുതിപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ റോഡ് ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര് എസ് രാജീവ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന് പ്രസംഗം പരിഭാഷപ്പെടുത്തി. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണും റോഡ് ഷോയില്‍ യോഗിയോടൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: