ന്യൂദല്‍ഹി: പഞ്ചസാര, പരുത്തി, ചണം എന്നിവ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. പുതിയതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹര്‍ ആണ് ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ വ്യാപാരബന്ധം ഭാഗികമായി പുനരുജ്ജീവിപ്പിക്കും. 2019-ല്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപരം പാക്കിസ്ഥാന് നിര്‍ത്തിവച്ചിരുന്നു. ബുനധനാഴ്ച വൈകിട്ടുവരെ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരിയില്‍ ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള നടപടികളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തജികിസ്ഥാനില്‍ ചൊവ്വാഴ്ച നടന്ന വിവിധ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തിരുന്നുവെങ്കിലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
കോവിഡ് മഹാമാരിക്കിടെ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം മെയില്‍ ഇന്ത്യയില്‍നിന്ന് മരുന്നുകളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന് നീക്കിയിരുന്നു. പൂര്‍ണമായും വിച്ഛേദിച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പഴയനിലയിലേക്ക് തിരികെ പോകുന്നതിന്റെ ആദ്യപടി ആയിരുന്നു ഈ നടപടി.
മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി)യുടെ അംഗീകാരത്തിന് സമര്‍പ്പിക്കും മുന്‍പ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ പട്ടികയ്ക്ക് വാണിജ്യ-ടെക്സ്റ്റൈല്‍ വകുപ്പിന്റെ ചുമതലകൂടിയുള്ള പ്രധാനമന്ത്രി ഇമ്രാന് ഖാന് പച്ചക്കൊടി കാട്ടിയിരുന്നു. ഇസിസി യോഗത്തിനുശേഷം ഇസ്ലാമബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇന്ത്യയില്‍നിന്ന് 0.5 ദശലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
പഞ്ചസാരയ്ക്ക് ഇന്ത്യയിലുള്ള വിലക്കുറവാണ് തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ ലഭ്യത കുറഞ്ഞതും ഇന്ത്യയിലെ വിലക്കുറവുമാണ് ചണത്തിന്റെയും പരുത്തിയുടെയും വാഗാ അതിര്‍ത്തിവഴിയുള്ള ഇറക്കുമതിക്ക് നിര്‍ബന്ധിതമാക്കിയത്. ലോകത്തെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാജ്യമാണ് ഇന്ത്യ. പഞ്ചസാരയുടെ കാര്യത്തില്‍ രണ്ടാമതും. റമദാന് മുന്‍പായി പഞ്ചസാരവില പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: