കെയ്റോ : സൂയസ് കനാലില്‍ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കിയതില് എവര്‍ ഗിവണ്‍ ചരക്കുകപ്പലിനെതിരെ ഔദ്യോഗിക അന്വേഷണം നടത്തും. സൂയസ് കനാല്‍ അതോറിട്ടി ചെയര്മാന് ഒസാമ റാബിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. എവര്‍ ഗിവണ്‍ കപ്പല്‍ കുടുങ്ങാന്‍ കാരണത്തിനായി ഡാറ്റാ റെക്കോര്‍ഡ് അടക്കം പരിശോധിക്കും. ഇതിലൂടെ കപ്പല്‍ ഇതുവരെ എങ്ങിനെയാണ് യാത്ര ചെയ്തതെന്ന് അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സൂയസ് കനാല്‍ അതോറിട്ടി അറിയിച്ചു.
കപ്പല്‍ കനാലില്‍ കുടുങ്ങാനായി രണ്ട് കാരണങ്ങളാണ് നിലവില്‍ കണക്കാക്കുന്നത്. ശക്തമായ കാറ്റില്‍ കപ്പല്‍ വട്ടം തിരിഞ്ഞതാകാം. കപ്പലിനെ കരയിലേയ്ക്ക് അടുപ്പിക്കുന്നതിലുണ്ടായ മാനുഷികമായ പരിചയക്കുറവാണ് രണ്ടാമത്തെ കാരണവുമായി അന്വേഷണ വിധേയമാക്കുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും തയ്യാറാണെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ സഞ്ജയ് പ്രശാര്‍ പറഞ്ഞു. കനാലിന് കുറുകെ നാനൂറ് മീറ്റര്‍ നീളമുള്ള കപ്പലാണ് കുടുങ്ങിയത്. തുടര്‍ന്ന് 25 മീറ്റര്‍ ആഴത്തില്‍ കരയിലെ മണ്ണ് മാറ്റിയശേഷമാണ് കുടുങ്ങി കിടന്ന കപ്പലിനെ നീക്കാനായത്. മാര്‍ച്ച് 23നാണ് ഗതാഗതം തടസ്സപ്പെടുത്തി തായ്വാന് കമ്പനിയായ എവര്‍ഗിവണിന്റെ ചരക്കു കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് സൂയസ് കനാലില്‍ കുടുങ്ങുന്നത്.
തുടര്‍ന്ന് ദിവസങ്ങളായി കപ്പല്‍ ഇവിടന്നു നീക്കുന്നതിനായി അധികൃതര്‍ ശ്രമിച്ചു വരികയായിരുന്നു. കപ്പലിലെ 25 ജീവനക്കാര്‍ ഇന്ത്യാക്കാരാണ്. ഇവര്‍ സുരക്ഷിതരാണെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. കപ്പല്‍ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാര്‍ കഠിനമായി പരിശ്രമിച്ചെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: