‘ഈ യുദ്ധത്തില്‍ നമ്മള്‍ വീണുപോയേക്കാം. മുറിവേല്‍ക്കപ്പെടാം. പക്ഷേ നമ്മള്‍ പിന്‍തിരിയുകയില്ല’.
ജയലളിതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രം തലൈവിയുടെ ട്രെയ്ലറിലെതാണ് ഈ വാചകം. അവിടെ ജയക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഒന്ന് സങ്കല്‍പിച്ച് നോക്കാം. പതിനാറാം വയസ്സില്‍ വീടുവിട്ട്, ദല്‍ഹി നഗരത്തിലെത്തി മോഡലിങ്ങിന്റെ മാസ്മരിക വലയത്തിനുള്ളില്‍ അകപ്പെട്ടുപോയ, കൗമാരകാലത്ത് മയക്കുമരുന്നിന്റെ പിടിയിലമര്‍ന്ന പെണ്‍കുട്ടി. മോശം കൂട്ടുകെട്ടുകളില്‍ തന്റെ രക്ഷകനാവാന്‍ മരണത്തിന് മാത്രമേ സാധിക്കുവെന്ന് വിശ്വസിച്ചവള്‍. ആത്മീയതയിലൂടെ തന്നെ വീണ്ടെടുത്തവള്‍…കങ്കണ റണാവത്. ബോളിവുഡിന്റെ നടപ്പുവഴികളില്‍ നിന്നകന്ന് സഞ്ചരിക്കുന്ന നടി. അഹങ്കാരിയെന്നും റിബലെന്നുമുള്ള മുദ്രകുത്തലുകളെപ്പോലും കരുത്താക്കി മാറ്റുന്ന അപൂര്‍വ്വ ജനുസ്. ബോളിവുഡില്‍ ഇന്ന് ഏറ്റവും അനിവാര്യയായവള്‍. നാലാമത്തെ ദേശിയ പുരസ്‌കാരത്തിളക്കത്തില്‍ നില്‍ക്കുന്ന കങ്കണയുടേത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. പല തവണ പരിഹാസ ശരങ്ങളേറ്റ് വീണുപോവുകയും മുറിവേല്‍ക്കുകയും ചെയ്ത പെണ്‍കുട്ടി. എങ്കിലും അവള്‍ പരാജിതയായി പിന്‍തിരിഞ്ഞില്ല.
ജീവിതത്തിന്റെ അറിയാ ചുഴികളിലേക്ക്..
കൗമാരപ്രായത്തിലും കങ്കണ ഒരു വഴക്കാളി കുട്ടിയായിരുന്നു. അവളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കപ്പെടാതെ പോയപ്പോള്‍ അവള്‍ അങ്ങനെയായതാണ്. തന്നിലിളയവനോടും തന്നോടും അച്ഛനുണ്ടായിരുന്ന വിവേചനത്തെ ചൊല്ലിയായിരുന്നു കലഹങ്ങള്‍ ഏറെയും. ഒടുവില്‍ മനംനൊന്ത് പതിനാറാം വയസ്സില്‍ കങ്കണ വീടുവിട്ടിറങ്ങി. ദല്‍ഹി നഗരത്തിന്റെ കാപട്യത്തിന് നടുവിലേക്ക്. അവസരങ്ങളുടെ വാഗ്ദത്ത ഭൂമിയായ തലസ്ഥാന നഗരിയില്‍ അവള്‍ തെരഞ്ഞടുത്തത് മോഡലിങ്. ആ ശ്രമം ഒട്ടോക്കെ വിജയം കണ്ടപ്പോള്‍ മുംബൈയിലേക്ക്. ഹിന്ദി സിനിമയുടെ തറവാടെന്ന് വിശേഷിപ്പിക്കാവുന്ന മുംബൈയില്‍ എത്തിയത് സിനിമാ മോഹം ഉള്ളിലൊളിപ്പിച്ച്. തികച്ചും അപരിചിതമായ ഒരിടത്ത്, തീര്‍ത്തും ഒറ്റയ്‌ക്കൊരു പോരാട്ടം. ബോളിവുഡിലേക്കുള്ള ദിശാസൂചകങ്ങള്‍ തേടിയുള്ള അലച്ചിലിന് ഒടുവില്‍ ഫലം കണ്ടു. പത്തൊമ്പതാമത്തെ വയസ്സില്‍ ആദ്യ ചിത്രം ഗ്യാങ്സ്റ്ററിലൂടെ അഭിനയ ജീവിതത്തിന് തുടക്കം. പക്ഷേ, അവിടേയും ചില വേട്ടയാടലുകള്‍. മനസ്സിനെ കുത്തി മുറിവേല്‍പ്പിക്കുന്ന ഓര്‍മകള്‍, പരിഹാസങ്ങള്‍, തിരസ്‌കരിക്കപ്പെടലിന്റെ നാളുകള്‍…
ഹിമാചല്‍ പ്രദേശിലെ ഭംബ്ല ഗ്രാമത്തില്‍ നിന്ന് മുംബൈ പോലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നഗരത്തിലേക്കുള്ള പറിച്ചുനടല്‍ കങ്കണയെ സംബന്ധിച്ച് പരീക്ഷണങ്ങളുടേതായിരുന്നു. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതും നന്നായി വസ്ത്രം ധരിക്കാന്‍ അറിയാത്തതും ഒക്കെ അവളില്‍ ബോളിവുഡ് ലോകം ആരോപിച്ച കുറവുകളായിരുന്നു. എന്നാല്‍ അതിലൊന്നും കങ്കണ ഉലഞ്ഞുപോയില്ല. മാനസികവും ശാരീരകവുമായി അവള്‍ അനുഭവിച്ച വേദനകള്‍ വച്ച് തുലനം ചെയ്യുമ്പോള്‍ അതൊക്കെ എത്രയോ നിസ്സാരം.
തിരിച്ചറിവുകളിലേക്ക് കാലം കൂട്ടിക്കൊണ്ടുപോകും മുമ്പ്, രക്ഷകനായെത്തിയ വ്യക്തിയില്‍ നിന്നും ശാരീരികവും മാനസികവുമായ ചൂഷണം ചെയ്യലിന് വിധേയമാക്കപ്പെട്ടതിന്റെ ഭൂതകാലമുണ്ട് കങ്കണയ്‌ക്ക്. നടന്‍ ആദിത്യ പഞ്ചോളിയില്‍ നിന്നും അയാളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിക്ക് അയാളെ ഭയന്ന് തെരുവില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. കങ്കണയുടെ പോരാട്ട വീര്യത്തിന്റെ തുടക്കം അവിടെ നിന്നാവാം. ഒപ്പം സഹോദരി രംഗോലിയുടെ കൂട്ടും അവളെ ഡബിള്‍ സ്ട്രോങ് ആക്കുന്നു.
അഭിനയത്തിന്റെ നേര്‍രേഖയിലേക്ക്
ഇന്ന് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ അല്ല സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് കങ്കണ. ഒറ്റയ്‌ക്ക് ഒരു സിനിമ ഹിറ്റാക്കാന്‍ പോന്ന അസാമാന്യ പ്രതിഭയുള്ള നടി. സിനിമയിലെ ജയപരാജയങ്ങള്‍ തന്റെ കരിയറിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പറയാനുള്ള തന്റേടം തന്നെയാണ് അഭിനയത്തിലെ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഈ നടിയെ പ്രാപ്തയാക്കുന്നത്. കങ്കണയെ ഡോക്ടര്‍ ആയി കാണാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. വഴി മാറി സഞ്ചരിച്ച കങ്കണയുടെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ സമ്മാനിക്കുന്നത് ഗ്യാങ്സ്റ്റര്‍ എന്ന സിനിമയാണ്. തുടക്കം മോശമാക്കിയില്ല. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഗ്യാങ്സ്റ്ററിലെ അഭിനയത്തിന് ലഭിച്ചു. വോ ലമ്ഹെ, ലൈഫ് ഇന്‍ എ മെട്രോ, ഫാഷന്‍ തുടങ്ങിയ ആദ്യ കാല ചിത്രങ്ങളിലെ അഭിനയം പ്രശംസയേറ്റുവാങ്ങി. ഫാഷനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം.
രാസ്: ദ മിസ്റ്ററി കണ്‍ടിന്യൂസ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, തനു വെഡ്സ് മനു, ക്രിഷ് 3, ക്യൂന്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളാണ് കങ്കണയുടേതായി പുറത്തുവന്നത്. മികച്ച നടിക്കുള്ള പുരസ്‌കാരം തേടിവന്നത് മൂന്ന് വട്ടം. 2014 ലും 2015 ലും 2019 ലും. ക്യൂന്‍, തനു വെഡ്സ് മനു റിട്ടേണ്‍സ്, മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ അവിസ്മരണീയ അഭിനയത്തിലൂടെയായിരുന്നു ഈ നേട്ടം. ചരിത്രത്തിലെ വീര നായികയായും ഹാസ്യ താരമായും തന്നെ പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുമെന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് കങ്കണ തെളിയിച്ചു.
വിവാദങ്ങള്‍, നിലപാടുകള്‍, പ്രണയഭംഗങ്ങള്‍
ബോളിവുഡിലെ വിമതസ്വരമാണ് കങ്കണ. ഏത് വിഷയത്തിലും അഭിപ്രായം പറഞ്ഞുകൊണ്ട് പലരുടേയും ഉറക്കം കളയുന്നവള്‍. ആരുടെ നേര്‍ക്കും വാക്കിന്റെ മൂര്‍ച്ച പ്രയോഗിക്കാന്‍ മടിയില്ലാത്തവള്‍. പെട്ടന്ന് മൂഡ് മാറുന്ന, ഇഷ്ടമില്ലാത്ത എന്തെങ്കിലും ഉണ്ടായാല്‍ ചുറ്റുപാട് നോക്കാതെ പൊട്ടിത്തെറിക്കുന്ന, കലഹപ്രിയയായ വ്യക്തിയായാണ് സംവിധായകന്‍ സുഭാഷ് ഝാ കങ്കണയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരേയും മാഫിയകള്‍ക്കെതിരെയും ആഞ്ഞടിച്ചിട്ടുണ്ട് കങ്കണ. ലഹരിക്കടിപ്പെട്ട ബോളിവുഡ് സിനിമാ ലോകത്തെക്കുറിച്ച് തുറന്നു പറഞ്ഞ, നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച നടി തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ക്കൊണ്ടും ശത്രുക്കളുടെ എണ്ണം കൂട്ടി. ആ ശത്രുപക്ഷത്ത് നിലയുറപ്പിച്ചവരില്‍ മഹാരാഷ്‌ട്ര സര്‍ക്കാരുമുണ്ട്. മുംബൈയിലെ അവരുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിക്കൊണ്ടാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവരോട് പകവീട്ടിയത്. എന്നാല്‍ ആ പകയില്‍ വെന്തുപോയില്ല കങ്കണ. ബോംബെ ഹൈക്കോടതിയില്‍ നിന്ന് തനിക്ക് അനുകൂല വിധി നേടി സര്‍ക്കാരിന് തന്നെ പ്രഹരമേല്‍പ്പിച്ചു. കങ്കണയും മഹാരാഷ്‌ട്ര സര്‍ക്കാരും തമ്മിലുള്ള വാക് പോര് ഉടനൊന്നും അവസാനിക്കുന്ന ലക്ഷണവുമില്ല.
കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ അനുകൂല അഭിപ്രായം പറഞ്ഞുകൊണ്ട് ദേശീയതയുടെ പക്ഷത്താണ് താനെന്ന് വ്യക്തമാക്കുന്നു കങ്കണ. മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ബോളിവുഡ് സംസ്‌കാരം പിന്തുടരാതെ അവിടേയും അവള്‍ ഒറ്റയാള്‍ പോരാട്ടം നയിക്കുന്നു. ചിലപ്പോഴൊക്കെ അവരുടെ ഭാഷ അത്രമേല്‍ തീവ്രമാവാറുമുണ്ട്. അതില്‍ മുറിവേല്‍ക്കപ്പെടുന്നവരും ധാരാളം. അനുഭവങ്ങള്‍ പഠിപ്പിച്ച പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാവാം അവരെ ഒരു റിബല്‍ സ്വഭാവക്കാരിയാക്കിയത്. പക്ഷേ ബോളിവുഡില്‍ ഇന്ന് കങ്കണയ്‌ക്കൊപ്പം ഒരു നടിയുമില്ല.
ഒരുപിടി പ്രണയകഥകളിലെ വിവാദ നായിക. ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ അവശേഷിക്കുന്ന ഋത്വിക് റോഷന്‍-കങ്കണ പ്രണയമാണ് അതില്‍ ശ്രദ്ധേയം. നടന്മാരായ ആധ്യായന്‍ സുമന്‍, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് ഡോക്ടര്‍ നിക്കോളാസ് ലഫെര്‍ടി ഇവരൊക്കെയാണ് ആ പ്രണയകഥകളിലെ വിവാദ നായകര്‍.
തലൈവിയായി കങ്കണ
ജയലളിതയുടെ ജീവിതത്തെ ആധാരമാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്ത തലൈവിയില്‍ ജയയെ അവതരിപ്പിക്കുന്നത് കങ്കണയാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ജയലളിതയുടെ ശരീര ഭാഷയെ ഓര്‍മ്മിപ്പിക്കുന്നവിധത്തില്‍ അസാമാന്യ അഭിനയമാണ് കങ്കണ ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ കണ്ടവരുടെ അഭിപ്രായം. ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ വീണ്ടും കങ്കണയെ തേടിയെത്തുമെന്ന് പറയുന്നവരുമുണ്ട്. ഏപ്രില്‍ 23 ന് ചിത്രം തിയേറ്ററുകളിലെത്തും.
കങ്കണ റണാവത്
ജനനം: 1987 മാര്‍ച്ച് 23 ന് ഹിമാചല്‍ പ്രദേശിലെ ഭംബ്ലയില്‍. ബിസിനസുകാരനായ അമര്‍ദീപ് റണാവത്തും അധ്യാപികയായ ആശ റണാവത്തിന്റേയും മകള്‍. രംഗോലി ചന്ദേലും അക്ഷതും സഹോദരങ്ങള്‍. പുരസ്‌കാരങ്ങള്‍: 2020 ല്‍ പത്മശ്രീ, 2008 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം, 2014 ലും 2015 ലും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, 2006 ല്‍ മികച്ച പുതുമുഖ നടിക്കും ഫാഷനിലെ അഭിനയത്തിന് മികച്ച സഹനടിക്കും ക്യൂനിലെ അഭിനയത്തിന് മികച്ച നടിക്കുമുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: