മുംബൈ: മഹാരാഷ്‌ട്രയില്‍ ശിവസേന-എന്‍സിപി സഖ്യം ഉലയുന്നു. ആഭ്യന്തമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ശിവസേന മുഖപത്രമായ സാമ്‌നയില്‍ രൂക്ഷമായ വിമര്‍ശനം വന്നതോടെ സഖ്യസര്‍ക്കാര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.
എന്‍സിപി തലവന്‍ ശരദ് പവാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് സാമ്‌നയില്‍ രൂക്ഷ വിമര്‍ശനവുമായി എഡിറ്റോറിയല്‍ വന്നത്. അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളുമായി കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു മുംബൈ പോലീസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസേ അറസ്റ്റിലായതോടെ സര്‍ക്കാരില്‍ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സീങ് ആഭ്യന്തരമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായി. ബാറുകളില്‍ നിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായാണ് പരംബീര്‍ സിങ് വെളിപ്പെടുത്തിയത്.
ഇതിനിടയിലാണ് അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ എന്‍സിപി നേതാക്കളായ ശരദ് പവാര്‍, പ്രഫൂല്‍ പട്ടേല്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറാവാതിരുന്ന അമിത് ഷാ, എല്ലാക്കാര്യങ്ങളും പുറത്തുപറയാന്‍ സാധിക്കില്ലെന്ന് വ്യ.ക്തമാക്കിയിരുന്നു. സ്ഥിരീകരിക്കാത്ത ഈ കൂടിക്കാഴ്ചയുടെ പേരിലാണ് സാമ്‌ന വിമര്‍ശനമുയര്‍ത്തുന്നത്.
എന്‍സിപിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് സാമ്‌ന ചെയ്തത്. സച്ചിന്‍ വാസേയെപ്പോലെയുള്ള ഒരു ജൂനിയര്‍ ഓഫീസറുടെ പണപ്പിരിവ് റാക്കറ്റിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിഞ്ഞില്ലെയെന്നാണ് ശിവസേന വിമര്‍ശനമുയര്‍ത്തിയത്. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങളാണ് കുറച്ചുമാസങ്ങളായി നടക്കുന്നതെന്നും സാമ്‌ന പറയുന്നു. അതേസമയം, സച്ചിന്‍ വാസേക്ക് ശിവസേന നേതാക്കളുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും പല ബിസിനസുകളിലും ഇവര്‍ പങ്കാളികളാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: