പാലക്കാട്: ബംഗാളിലടക്കം സഖ്യമായി മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ തെരഞ്ഞെടുപ്പാകുമ്പോള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതെല്ലാം മറക്കും. ചെറുപ്പക്കാര്‍ ഈ മുന്നണികളില്‍ അസംതൃപ്തരാണ്. അഞ്ചു വര്‍ഷം വീതം മാറി മാറി കൊള്ളയടിക്കാന്‍ ഇരു മുന്നണികളും ധാരണയുണ്ടാക്കി ജനങ്ങളെ പറ്റിക്കുകയാണ്. മുപ്പത് വെള്ളിക്കാശിനാണ് യൂദാസ് ക്രിസ്തുവിനെ ഒറ്റിയതെങ്കില്‍ കേരളത്തെ കുറച്ചു സ്വര്‍ണത്തിനു വേണ്ടി ഒറ്റിക്കൊടുത്തവരാണ് എല്‍ഡിഎഫുകാര്‍ എങ്കില്‍ സൂര്യകിരണങ്ങള്‍ പോലും വിറ്റ് സംസ്ഥാനത്തെ കൊള്ളയടിച്ചവരാണ് യുഡിഎഫുകാര്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമാണെന്നും മോദി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉസ്താദുമാര്‍ ആണ് എല്‍ഡിഎഫും യുഡിഎഫും. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപതാം, ക്രിമിനല്‍ വത്കരണം എന്നീ ഗുരുതര സംഭവങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനകാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി സ്വന്തം കീശ വീര്‍പ്പിക്കലാണ് ഇരു പാര്‍ട്ടികളുടേയും അടിസ്ഥാന ലക്ഷ്യം.
എന്നാല്‍, വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകള്‍ അടക്കം സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരും ബിജെപിയുടെ വികസന നയത്തിനൊപ്പമാണ്. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ടെക്നോക്രാറ്റാണ് ഇ.ശ്രീധരന്. രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായതാണ് കണക്റ്റിവിറ്റി എന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ശേഷം കേരളത്തിന്റെ വികസനത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് ശ്രീധരന്. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ നേരിടേണ്ടി വരുന്ന അവഹേളനവും അക്ഷേപവും മുന്നില്‍ കണ്ടിട്ടും കേരളത്തിനു വേണ്ടി മുന്നിട്ടിറങ്ങാന്‍ ഈ പ്രായത്തിലും അദ്ദേഹത്തിനു സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇ. ശ്രീധരന് എല്ലായിടത്തും വിജയം നേടിയ കര്‍മയോഗിയാണെന്നും പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: