ആലപ്പുഴ: സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുജനത്തെ ഇളക്കിവിടാന്‍ സിപിഎം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വൈദ്യുതി ചാര്‍ജും, വെള്ളക്കരവും അടയ്ക്കാത്തതിനാല്‍ വീടുകളിലെത്തി ഉദ്യോഗസ്ഥര്‍ വാട്ടര്‍ കണക്ഷനും, വൈദ്യുതി കണക്ഷനും വിച്ഛേദിക്കുന്നുണ്ട്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ജനങ്ങളെ തീര്‍ത്തും ദുരിതത്തിലാക്കുന്ന നടപടി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പകരം എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ച് തടിയൂരാനാണ് ശ്രമം. മന്ത്രിസഭാ യോഗം ചേര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വരെ പ്രഖ്യാപിച്ച സര്‍ക്കാര്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും ബാധിക്കുന്ന വിഷയത്തില്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരാണ്.
കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാത്ത സാഹചര്യത്തില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്‍തുക അടയ്ക്കുന്നതിന് സാവകാശം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത് എന്നാല്‍ അതിനുപകരം കണക്ഷന് വിച്ഛേദിക്കുകയാണ്. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞു നിര്‍ത്തി ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പോലീസില്‍ നിന്ന് ഭരണത്തിന്റെ അവസാന കാലയളവിലും ജനത്തിന് രക്ഷയില്ലാത്ത അവസ്ഥയാണ്. പാലക്കാടും, കുട്ടനാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നെല്ല് സംഭരണവും ഇഴയുകയാണ്. വേനല്‍ മഴ പെയ്യുന്നതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സംരക്ഷിച്ചും, ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചും സിപിഎം രംഗത്തെത്തിയത്. പാര്‍ട്ടി അണികള്‍ക്കുള്ള കൃത്യമായ സന്ദേശമാണ് സിപിഎം ഔദ്യോഗിക ഫേസ്ബുക്കിലെ പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ മോശമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായാണ് സിപിഎം നിലപാട്. ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യണമെന്ന് പറയാതെ പറയുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.
തെരഞ്ഞെടുപ്പ് കാലയളവില്‍ മന്ത്രിമാരും സര്‍ക്കാരും വേറെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകൂടവും വേറെ എന്ന നിലയില്‍ പ്രചാരണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനത്തെ ഇളക്കിവിടാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധമുയരുന്നുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: