കൊച്ചി: കേരളത്തിലെ റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലെന്നും സഹകരിക്കുന്നില്ലെന്നും കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍. പാളം സ്ഥാപിക്കാന്‍ ഭൂമി വേണം. സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് മികച്ച സഹകരണമാണെന്നും തിരിച്ച് അതില്ലെന്നും മന്ത്രി പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള 2014 വരെ കേരളത്തിന് റെയില്‍വേയുടെ വികസനത്തിന് സഹായമായി വര്‍ഷം 372 കോടി രൂപയാണ് കിട്ടിയിരുന്നത്. 2014 മുതല്‍ ഈ വര്‍ഷം വരെ അത് വര്‍ഷം ശരാശരി 903 കോടി രൂപയായി. രണ്ടിരട്ടിയാണിത്. രാജ്യത്ത് റെയില്‍വേ വൈദ്യുതിവല്‍കരണം അതിവേഗമാണ് നടക്കുന്നത്. പക്ഷേ, കേരളം അതിലും ഉദാസീനമാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ റെയില്‍ പാളങ്ങളും വൈദ്യുതി അധിഷ്ഠിതമാകും. എല്ലാ ട്രെയിനും ഇലക്ട്രിക്കലാക്കും. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണം മുഖ്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഷം 10 കിലോമീറ്റര്‍ പാതയാണ് വൈദ്യുതിവല്‍കരിച്ചിരുന്നത്. ഇപ്പോഴത് വര്‍ഷം 61 കിലോമീറ്ററാണ്, മന്ത്രി വിശദീകരിച്ചു.
കേരളത്തിലെ റെയില്‍വേ വികസനക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം അത്ഭുതപ്പെടുത്തുന്നതാണ്. ശബരിമലയിലേക്കുള്ള പാതയ്ക്ക് ആവശ്യങ്ങളുമായി എംപിമാര്‍ കത്തെഴുതുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. കേരളത്തില്‍ ഒമ്പത് റെയില്‍വേ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്കാത്തതിനാല് സ്തംഭിച്ചു കിടക്കുന്നത്. അനുമതി നല്കിയ ശേഷം മൂന്നു തവണയെങ്കിലും ചെലവ് പുതുക്കി നിശ്ചയിക്കേണ്ടിവന്നിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണവും താല്‍പ്പര്യക്കുറവും കൊണ്ടാണ്. മോദി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിന്റെ റെയില്‍േവ വികസന വിഹിതം രണ്ടര മടങ്ങാക്കി. രണ്ടര വര്‍ഷംകൊണ്ട് സംസ്ഥാനത്തെ പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
കേരളത്തിന് ബൃഹദ് പദ്ധതികള്‍ക്ക് മാത്രം കഴിഞ്ഞ ആറു വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. പക്ഷേ, ആ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാനില്ല. 65,000 കോടി രൂപയാണ് ദേശീയപാത വികസനത്തിന് നല്‍കിയത്. കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ നല്കി.
കേരളത്തിന്റെ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വന്‍ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. കേരളത്തെ സാമ്പത്തിക- കയറ്റുമതി രംഗത്തെ ആസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. അത് തൊഴില്‍ മേഖലയെ ഉള്‍പ്പെടെ ശക്തിപ്പെടുത്തും. മത്സ്യബന്ധന മേഖലയ്ക്ക് ഏറെ സഹായകമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: