മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലിയയ്‌ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ സച്ചിന്‍ വാസെ മിഥി നദിയിലേക്ക് വലിച്ചെറിഞ്ഞ നമ്പര്‍ പ്ലേറ്റ് തന്റെ കാറിന്‍റേതാണെന്ന് ഔറംഗബാദ് സ്വദേശി തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം മിഥി നദിയില്‍ നിന്നും മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് എന്‍ഐഎ സംഘം സച്ചിന്‍ വാസെ തെളിവ് നശിപ്പിക്കാനായി വലിച്ചെറിഞ്ഞ വാഹന നമ്പര്‍ പ്ലേറ്റ് തപ്പിയെടുത്തത്. വിജയ് നാഡെ എന്നയാളാണ് ഈ നമ്പര്‍ പ്ലേറ്റ് തന്റെ കാറിന്‍റേതായിരുന്നെന്നും ഈ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിരുന്ന തന്റെ കാര്‍ 2020 നവമ്പറില്‍ മോഷണം പോയെന്നും തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഔറംഗബാദിലെ ഉദ്ധവ് റാവു പാട്ടീല്‍ ചൗക്കില്‍ നിന്നാണ് തന്റെ കാര്‍ മോഷണം പോയതെന്നും ഇത് സംബന്ധിച്ച ചൗക്ക് പൊലീസ് സ്റ്റേഷനില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“എംഎച്ച് 20 എഫ്പി 1539 ടി എന്ന നമ്പര്‍ പ്ലേറ്റോട് കൂടിയ തന്റെ കാര്‍ 2020 നവമ്പര്‍ 16നാണ് മോഷ്ടിക്കപ്പെട്ടതെന്നും ഇത് സംബന്ധിച്ച് താന്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മൂന്ന് മാസമായി ഇത് സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ല. പക്ഷെ ഇന്നലെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്,” വിജയ് നാഡെ പറഞ്ഞു.
സച്ചിന്‍ വാസെ എന്ന ക്രൈംബ്രാഞ്ച് പൊലീസുദ്യോഗസ്ഥന്‍ മിഥി നദിയിലേക്ക് വലിച്ചെറിഞ്ഞ തെളിവുകളായ ലാപ്ടോപും ഡിവിആറും നമ്പര്‍ പ്ലേറ്റുകളും കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കണ്ടെടുത്തത്. ഇതോടെ കേസില്‍ സച്ചിന്‍ വാസെയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞു.
രണ്ട് സിപിയുകള്‍, ലാപ് ടോപ്, രണ്ട് കാര്‍ നമ്പര്‍ പ്ലേറ്റുകള്‍, ഒരു റൗട്ടറും പ്രിന്‍ററും എന്നിവ കണ്ടെടുത്ത വസ്തുക്കളില്‍ പെടുന്നു. സച്ചിന്‍ വാസെയും കൂട്ടാളികളും കൂടി കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കളാണിവ. ഈ തെളിവുകളുടെ വസ്തുത സ്ഥിരീകരിക്കാന്‍ സച്ചിന്‍ വാസെയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. സച്ചിന്‍ വാസെയുടെ വലംകൈയായി പ്രവര്‍ത്തിച്ച റിയാസ് ഖാസിയെയും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇപ്പോള്‍ കേസില്‍ മാപ്പ് സാക്ഷിയാണ് റിയാസ് ഖാസി. ഞായറാഴ്ച എന്‍ഐഎ ടീമിലുള്ള സൂപ്രണ്ട് വിക്രം ഖലാട്ടെയുടെ നേതൃത്വത്തിലുള്ള സംഘം ബാന്ദ്ര കുര്‍ള കോംപ്ലക്സിനും ബാലി ബസാറിനും അടുത്തുള്ള മിഥി നദിയ്‌ക്ക് കുറുകെയുള്ള പാലത്തില്‍ എത്തി. അവിടെ മുങ്ങല്‍ത്തപ്പല്‍ വിദഗ്ധര്‍ നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് തെളിവുകള്‍ കണ്ടെത്തിയത്.
മുകേഷ് അംബാനിയുടെ വസതിയ്‌ക്ക് മുമ്പില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഉപേക്ഷിക്കുകയും അതിനുള്ളില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയുടേതായ ഒരു കുറിപ്പും വെച്ച ഗൂഢനീക്കത്തിന് പിന്നിലെ ഒരു പ്രധാന വ്യക്തി സച്ചിന്‍ വാസെയാണെന്ന് എന്‍ ഐഎ കണ്ടെത്തിക്കഴിഞ്ഞു. ഇദ്ദേഹം തന്നെയാണ് ഇതിന് ഉപയോഗിച്ച് വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയായ മന്‍സുഖ് ഹിരന്‍ എന്നയാളെ കൊലപ്പെടുത്തിയതെന്നും എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ഗൂഢപദ്ധതിയുടെ പിന്നില്‍ മുകേഷ് അംബാനിയെ ഭയപ്പെടുത്തി പണം പിരിക്കുക എന്നതാണെന്ന് പറയപ്പെടുന്നു. എങ്കില്‍ ഈ ഗൂഢ പദ്ധതിയ്‌ക്ക് പിന്നില്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ട ആരെങ്കിലും ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യവും എന്‍ ഐഎ അന്വേഷിച്ചുവരികയാണ്.
തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ തെരഞ്ഞെടുത്ത കേന്ദ്രത്തെക്കുറിച്ച് എന്‍ഐഎയ്‌ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു മിഥി നദിയ്‌ക്ക് കുറുകെയുള്ള പാലത്തിന്റെ അരികില്‍ തന്നെ നടത്തിയ തിരച്ചില്‍.
മുംബൈ പൊലീസും കൂടി ഉള്‍പ്പെട്ടതായി കണ്ടെത്തിയതോടെ ഭരണത്തിലുള്ള ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും മുഖം നഷ്ടപ്പെട്ട നിലയിലാണിപ്പോള്‍. ഇതിനിടെ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗിനെ മാറ്റി മുഖം രക്ഷിയ്‌ക്കാന്‍ ശിവസേനയും എന്‍സിപിയും ശ്രമിച്ചെങ്കിലും സര്‍ക്കാരിനെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണവുമായി എത്തുകയായിരുന്നു പരംബീര്‍ സിംഗ്. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മാസം തോറും ആയിരം കോടി വീതം ഡാന്‍സ് ബാറുകളില്‍ നിന്നും അനധികൃതമായി പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് പരംബീര്‍ സിംഗ്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അടുത്ത ദിവസം ഹൈക്കോടതി കേസ് പരിഗണിക്കും.
ഇതിനിടെ എന്‍സിപി നേതാവ് ശരത്പവാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ഇരുവരും അഹമ്മദാബാദില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് വാര്‍ത്ത പരക്കുന്നത്. അമിത് ഷായും ഈ ഊഹാപോഹത്തെ തള്ളിക്കളയുന്നില്ല. അതിനിടെയാണ് നാടകീയമായി ശരത്പവാറിനെ പിത്താശയത്തിലെ രോഗം മൂലം ബുധനാഴ്ച ശസ്തക്രിയയ്‌ക്ക് വിധേയനാക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. അദ്ദേഹം ഇപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ്. മറ്റൊരു രാഷ്‌ട്രീയ നാടകത്തിന് തിരശീല ഉയരുകയാണോ എന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഒരിയ്‌ക്കലും ശരത്പവാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് ശിവസേന വൃത്തങ്ങള്‍ വിശദീകരിയ്‌ക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ശിവസേന മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചതോടെ മഹാരാഷ്‌ട്രയില്‍ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിപക്ഷമെന്ന നിലയില്‍ കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. മോഡലായ പൂജ ചവാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സഞ്ജയ് റാത്തോഡാണെന്ന ആരോപണമായിരുന്നു ഫഡ്നാവിസ് ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച ശബ്ദരേഖകള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ സഞ്ജയ് റാത്തോഡ് രാജിവെച്ചു. അതിന് ശേഷമാണ് മന്‍സുഖ് ഹിരന്റെ മരണവും അംബാനിയുടെ വീടിന് മുന്നില്‍ ആയുധങ്ങള്‍ നിറച്ച വാഹനം ഉപേക്ഷിക്കപ്പെട്ട സംഭവവും ഉണ്ടായത്. ഇതും ബിജെപി ഏറ്റെടുത്തു. ഇതോടെ കേസിന് രാഷ്‌ട്രീയനിറം കൈവന്നിരിക്കുകയാണ്. ആന്‍റില ബോംബ് കേസ് മുംബൈ പൊലീസും ആന്‍റി ടെററിസം സ്ക്വാഡും (എടിഎസ്) അന്വേഷിച്ചു വരികയായിരുന്നു. എന്നാല്‍ ബോംബ് നിറച്ച വാഹനത്തിന്റെ ഉടമയും കൊല്ലപ്പെടുകയും ചെയ്ത മന്‍സുഖ് ഹിരന്റെ ഭാര്യ സച്ചിന്‍ വാസെയാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്ന ആരോപണം ഉയര്‍ത്തിയതോടെയാണ് സച്ചിന്‍ വാസെ കേസില്‍ എത്തുന്നത്. ആരോപണത്തിന് ശക്തികൂട്ടുന്ന ചില തെളിവുകള്‍ ബിജെപി നേതാവ് ഫഡ്നാവിസ് നിരത്തുകയും ചെയ്തു. പ്രധാനമായും സച്ചിന്‍ വാസെയും മന്‍സുഖ് ഹിരനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഫഡ്നാവിസ് പുറത്ത് വിട്ടത്. ഇതോടെ കേസന്വേഷണം സംസ്ഥാന പൊലീസിന്റെ കൈകളില്‍ നിന്നും നഷ്ടപ്പെടുകയും അത് എന്‍ഐഎയുടെ കൈകളില്‍ വന്നുചേരുകയും ചെയ്തു. തൊട്ടടുത്ത ദിവസം മന്‍സുഖ് ഹിരന്‍റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് കണ്ടെത്തുകയും സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജി തന്നെ ആവശ്യപ്പെടുകയാണ്. കാരണം ശിവസേനക്കാരനായ സച്ചിന്‍ വാസെയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് ബിജെപി ആരോപണം. കേസ് കൈകാര്യം ചെയ്ത രീതിയെ മഹാവികാസ് അഘാദിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും മുഖ്യമന്ത്രിയെയും ശിവസേനയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. സച്ചിന്‍ വാസെയെ മുഖ്യമന്ത്രിയും ശിവസേനുയം കൂടി രക്ഷിയ്‌ക്കുകയാണെന്ന ബിജെപി ആരോപണം ശക്തമായപ്പോഴാണ് അദ്ദേഹത്തെ സസ്പെന്‍റ് ചെയ്യാന്‍ ഉദ്ദവ് താക്കറെ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: