ആലപ്പുഴ: പിണറായി വിജയന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അണികളുടെ പ്രതിഷേധം മാരാരിക്കുളങ്ങള്‍ ആവര്‍ത്തിക്കപ്പെടാനിടയാക്കുമെന്ന് സിപിഎമ്മില്‍ ആശങ്ക, പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി വീടുകള്‍ കയറിയിറങ്ങി പ്രചാരണത്തിന്. 1996ല്‍ മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളം മണ്ഡലത്തില്‍ സഖാക്കള്‍ കാലുവാരി മലര്‍ത്തിയടിക്കുകയായിരുന്നു.
അണികളിലും നേതാക്കളിലും അസംതൃപ്തി പുകയുന്നതിനാലാണ് താന്‍ ഏകാധിപതിയല്ലെന്ന് പിണറായി വിജയന് ഇടയിക്കിടെ പരസ്യമായി പറയേണ്ടിവരുന്നത്. തനിക്കു തുല്യമായി നില്ക്കുന്നവര് പാര്‍ട്ടിയിലുണ്ടെന്നും എന്നാല്‍ അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പിണറായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭരണനേതൃത്വത്തിനുമേല്‍ പാര്‍ട്ടി നേതൃത്വത്തിനുള്ള നിയന്ത്രണമായിരുന്നു സിപിഎമ്മിന്റെ പ്രത്യേകത. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും, അച്യുതാനന്ദന് മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുമായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അച്യുതാനന്ദന് ആഭ്യന്തര വകുപ്പ് നല്കാതിരിക്കാനുള്ള ജാഗ്രതയും പിണറായി കാണിച്ചിരുന്നു. വിഭാഗീയതയുടെ പേരു പറഞ്ഞു പാര്‍ട്ടിയുടെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നോടു വിധേയത്വമുള്ളവരെ അവരോധിക്കാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ പിണറായിക്കു സാധിച്ചിരുന്നു.
അതുകൊണ്ടുതന്നെ പിണറായിക്കു ശേഷം സെക്രട്ടറിയായ കോടിയേരിക്ക് പിണറായിയുടെ തീരുമാനങ്ങള്‍ക്ക് ഏറാന്‍ മൂളുക എന്നതിനപ്പുറം കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ കടിഞ്ഞാണില്ലാതെ ഭരിക്കാനുള്ള ഭാഗ്യവും പിണറായിക്കു ലഭിച്ചു. ആഭ്യന്തര വകുപ്പു കൂടി പിണറായിയുടെ കൈവശമായിരുന്നതിനാല്‍ പാര്‍ട്ടിയിലെ ചോദ്യം ചെയ്യാനാവാത്ത നേതാവുമായി.
ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതോടെ കേന്ദ്ര കമ്മിറ്റിക്കും പോളിറ്റ്ബ്യൂറോയ്ക്കും പഴയതു പോലെയുള്ള പ്രതാപം ഇല്ലാതായി. മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ അവസ്ഥ പോലെയാണിപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിക്കും. പുതിയവര്‍ക്കു അവസരങ്ങള്‍ നല്‍കാനെന്നു പറഞ്ഞു നടപ്പാക്കിയ സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ പോലും പിണറായിക്കു പൂര്‍ണമായി വിധേയപ്പെടാത്തവരെ ഒതുക്കാനുള്ള തന്ത്രമാണെന്ന് വ്യക്തം. തോമസ് ഐസക്, ജി. സുധാകരന് തുടങ്ങിയവരെ മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കിയ സിപിഎം, പല പ്രാവശ്യം എംപിമാരായിരുന്നവരും പല തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടവരുമായവര്‍ക്കു സീറ്റു നല്കി.
പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വി.എന്‍. വാസവന് തുടങ്ങിയ പിണറായിയുടെ വിശ്വസ്തര്‍ക്കും പിണറായിയുടെ മരുമകനും മത്സരിക്കാന്‍ അവസരം നല്കി. പിണറായിക്കു വിധേയപ്പെടാത്ത പി. ജയരാജനെ ഒഴിവാക്കി. പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യക്കു സീറ്റു നല്‍കാനായി ഇരിങ്ങാലക്കുടയിലെ സിറ്റിങ് എംഎല്‍എക്കു വീണ്ടും മത്സരിക്കാനുള്ള അവസരവും നിഷേധിച്ചു. അതേസമയം, ഒട്ടേറെ ആരോപണങ്ങള്‍ക്കു വിധേയരായ കെ.ടി. ജലീല്‍, പി.വി. അന്‍വര്‍, കാരാട്ട് റസാഖ് തുടങ്ങിയവര്‍ക്കു സ്വതന്ത്രരാണെന്നു പറഞ്ഞു വീണ്ടും മത്സരിക്കാന്‍ അവസരം നല്കി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തി പലയിടത്തും മറനീക്കി. എല്ലാ ജില്ലകളിലും ആദ്യ റൗണ്ട് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി, അസംതൃപ്തരായ നേതാക്കളെ നേരില്‍ കണ്ടും മറ്റും കര്‍ശന താക്കീത് നല്കി. പല നേതാക്കളും ഇതിന് ശേഷം തങ്ങള്‍ പ്രചാരണത്തില്‍ സജീവമാണെന്ന് പത്രക്കുറിപ്പുകള്‍ ഇറക്കി. അട്ടിമറികളും, അടിയൊഴുക്കുകളും ഭയന്ന് ഇനിയുള്ള ദിവസങ്ങളില്‍ പിബി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നേതൃത്വത്തെയും പ്രചാരണരംഗത്തിറക്കാനാണ് തീരുമാനം.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: