പി. ശിവപ്രസാദ്
ആലപ്പുഴ: ഒരു കാലത്ത് സിപിഎമ്മിന്റെ മുന്നണി പോരാളികളായിരുന്ന വിഎസ് പക്ഷ നേതാക്കളെ സമ്പൂര്‍ണമായി തെരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് ഒഴിവാക്കി പിണറായി വിജയന്റെ ആധിപത്യം. കഴിഞ്ഞ തൃശൂര്‍ സമ്മേളനത്തോടെ വിഎസ് പക്ഷക്കാരായിരുന്നവരെ പാര്‍ട്ടിയിലും അമര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ വി.എസ്. അച്യുതാനന്ദന്റെ ചാവേറുകളായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഒരാള്‍ക്ക് പോലും സീറ്റു നല്‍കാതെ പൂര്‍ണമായും ചവിട്ടിയൊതുക്കി. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും വിഎസ് പക്ഷക്കാര്‍ തിരസ്കരിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം.
സംസ്ഥാന കമ്മിറ്റിയില്‍ ഏതാനും ചില വിഎസ് അനൂകുലികള്‍ മാത്രമാണുള്ളത്. സംസ്ഥാന സെക്രേട്ടറിയറ്റില്‍ ആരുമില്ല, കേന്ദ്ര കമ്മിറ്റിയില്‍ എം.സി. ജോസഫൈന് മാത്രമാണുള്ളത്. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂടി നിഷേധിക്കപ്പെട്ടതോടെ വെട്ടിനിരത്തല്‍ സമ്പൂര്‍ണം. എ. പ്രദീപ് കുമാര്‍, എസ്. ശര്‍മ്മ തുടങ്ങിയവര്‍ക്ക് കൂടി സീറ്റ് നിഷേധിച്ചതോടെ മുന്‍കാല വിഎസ് അനുകൂലികള്‍ പൂര്‍ണമായും പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും തമസ്ക്കരിക്കപ്പെട്ടു.
പാര്‍ട്ടി കമ്മിറ്റികളില്‍ വിഎസ് അനുകൂലികള്‍ക്കായി വാദിക്കാന്‍ ആരുമില്ല. പിണറായി വിജയന് കനിഞ്ഞാല്‍ മാത്രം കസേര എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് മുന്‍കാല വിഎസ് പക്ഷക്കാര്‍ പറയുന്നു. വിഎസിനെ കൈവിട്ട് പാര്‍ട്ടി പിടിച്ചെടുക്കാന്‍ പിണറായി വിഭാഗത്തെ സഹായിച്ചവര്‍ക്ക് കൈയയച്ച് സഹായങ്ങളും ലഭിച്ചു. ഒരു കാലത്ത് ഇടുക്കി ജില്ലയെ വിഎസ് പക്ഷത്തിന്റെ കോട്ടയായി സംരക്ഷിച്ച എം.എം. മണി ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച എം. ചന്ദ്രന്, എന്‍.എന്‍. കൃഷ്ണദാസ്, ചന്ദ്രന്‍പിള്ള, പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്, യുവജന നേതാക്കളായി ഏറെ ശ്രദ്ധിക്കപ്പെട്ട വസന്തന്, ശശിധരന് തുടങ്ങി വലിയൊരു നിര നേതാക്കള്‍ ഇന്ന് ഒതുക്കപ്പെട്ടു.
നടന് മുകേഷിനെ പി.കെ. ഗുരുദാസന് പകരക്കാരനാക്കിയതു പോലെ എ. പ്രദീപ് കുമാറിന് പകരം സംവിധായകന് രഞ്ജിത്തിനെ കളത്തിലിറക്കാനുള്ള നീക്കം പാളി. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളവര്‍ക്ക് പകരമാണ് സിനിമാ പ്രവര്‍ത്തകരെ രംഗത്തിറക്കിയത്.
ഛിന്നഭിന്നമായി മാറിയ വിഎസ് പക്ഷത്തിന് അഭയം നല്കിയ തോമസ് ഐസക്ക്, എം.എ. ബേബി ചേരിയേയും നിഷ്പ്രഭമാക്കി കഴിഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ വരുംകാലങ്ങളില്‍ സംസ്ഥാനത്തെ സിപിഎമ്മിനുള്ളിലെ ബലാബലത്തില്‍ ഐസക്ക് തീരെ ദുര്‍ബലനായി. രാജ്യസഭയിലേക്ക് കൂടി ഐസക്കിനെ പറഞ്ഞ് അയയ്ക്കുന്നതോടെ ഐസക്കിന്റെയും ബേബിയുടെയും തട്ടകം ദല്‍ഹിയിലേക്ക് മാറും. ചന്ദ്രന്‍പിള്ളയ്ക്ക് കളമശേരിയില്‍ സീറ്റ് നല്‍കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നെങ്കിലും ഐസക്ക് പക്ഷക്കാരായി അറിയപ്പെടുന്ന പി. രാജീവിനെ മത്സരിക്കാന്‍ നിയോഗിച്ച് അതും തള്ളി.
ഇടതുപക്ഷത്തിന് ഭരണം ലഭിച്ചാലും, ഇല്ലെങ്കിലും വിഎസ് അനുകൂലികളായി പാര്‍ട്ടിയില്‍ മുദ്രകുത്തപ്പെട്ടവര്‍ ഇല്ലാത്ത നിയമസഭയായിരിക്കും വരിക. വിഎസ് ഇല്ലാത്ത നിയമസഭ, വിഎസ് സജീവമല്ലാത്ത പാര്‍ട്ടി എന്നതു മാത്രമല്ല, വിഎസ് ഉയര്‍ത്തിവിട്ട പോരാട്ടങ്ങളെ പിന്തുണച്ചവര്‍ കൂടി പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: