മനാമ: സ്വദേശിവല്‍ക്കരണ നടപടിയുടെ ഭാഗമായി ബഹ്‌റൈനിൽ ഉന്നത തസ്തികകളിൽ സ്വദേശിവത്കരണം ശക്തമാക്കി. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ നിർണായക പദവികളിൽ സ്വദേശികളുടെ എണ്ണം 90 ശതമാനത്തിൽ അധികമായെന്ന് മന്ത്രി ഇസ്സാം ബിൻ അബ്ദുള്ള ഖലഫ് വ്യക്തമാക്കി.
പൊതുമരാമത്ത്, മുനിസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രാലയങ്ങളിലെ മേൽത്തട്ടുകളിൽ മധ്യതലത്തിലും ഭരണനിർവഹണ പദവികളിൽ 66 ശതമാനത്തോളം സ്വദേശികളെ നിയമിച്ചുകഴിഞ്ഞു. 2017 മുതലാണ് ബഹറൈന്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയത്. ഇതിന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ സ്വദേശികളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും രൂപീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് വിദേശികളെ ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളെ നിയമിക്കുന്നതോടൊപ്പം ഇവരുടെ നൈപുണ്യ വികസനത്തിനും ബഹ്‌റൈന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കും. സ്വദേശിവല്‍ക്കരണത്തിന് എല്ലാ കമ്ബനികള്‍ക്കും ഉത്തരവാദിത്തം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു. സ്വദേശികളെ ജോലിക്ക് എടുക്കാത്ത കമ്പനികള്‍ക്കെതിരെ നടപടികളും സ്വീകരിച്ചു.
സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ ചില തസ്തികകളില്‍ വിദേശികളെ വിലക്കുകയും ചെയ്തിരുന്നു. സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്ക് കുറക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ മേഖലയിലാണ് പ്രധാനമായും സ്വദേശിവല്‍ക്കരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: