ന്യൂയോർക്ക്: പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന കോവിഡ് -19 ഉപദേഷ്ടാവ് ഡോ. വിവേക് മൂർത്തിയെ സർജൻ ജനറലായി യുഎസ് സെനറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. സെനറ്റ് അംഗീകാരം ലഭിക്കുന്ന ബൈഡന്റെ ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ നോമിനിയാണ് മൂർത്തി. ഒബാമ ഭരണകൂടത്തിൽ സർജൻ ജനറലായിരുന്ന മൂർത്തിയോട് ട്രംപ് അധികാരത്തിലെത്തിയപ്പോൾ സ്ഥാനം ഒഴിയാണ് ആവശ്യപ്പെടുകയായിരുന്നു. ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയിലെ മൂന്ന് സുപ്രധാനികളിൽ ഒരാളാണ് 43-കാരനായ മൂർത്തി.
അമേരിക്കയെന്ന മഹാരാജ്യത്തിന്റെ ആരോഗ്യരംഗത്തിന്റെ താക്കോൽസ്ഥാനമായ സർജൻ ജനറൽ പദവിയുടെ കാലാവധി നാലുവർഷമാണ്. പൊതു ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനമാണിത്. 6,000 മെഡിക്കൽ ഓഫീസർമാരുള്ള പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോർ തലവനാണ് സർജൻ ജനറൽ. സർജൻ ജനറൽ ക്യാബിനറ്റ് അംഗമല്ല, ഹെൽത്ത് -ഹ്യൂമൻ സർവീസസ് സെക്രട്ടറിയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെങ്കിലും, വൈസ് അഡ്മിറലിന് തത്തുല്യമായ റാങ്കും ചിഹ്നത്തോട് കൂടിയ യൂണിഫോമും ഉണ്ടായിരിക്കും.
ബൈഡൻ മുൻഗണന നൽകിയിരിക്കുന്ന പൊതു ആരോഗ്യ വിഷയങ്ങളിൽ, അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരുടെ സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വിവേക് മൂർത്തിയുടെ ദൗത്യം. ഡിസംബർ 15, 2014 നായിരുന്നു 51-43 സെനറ്റ് വോട്ടുകൾ നേടി മൂർത്തി മുൻപ് ഇതേ സ്ഥാനത്ത് നിയമിതനായത്. ട്രംപ് അധികാരം നേടിയതിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 21 , 2017 ന് സ്ഥാനം ഒഴിഞ്ഞു.
രണ്ടാം തവണ മൂർത്തി തിരഞ്ഞെടുക്കപ്പെട്ടത് ആറ് വോട്ടുകൾ അധികം നേടിക്കൊണ്ടാണ്. 2014 ൽ മൂർത്തിക്കെതിരെ വോട്ട് ചെയ്ത ഡെമോക്രാറ്റിക് സെനറ്റർ ജോ മാൻചിൻ ഇത്തവണ പിന്തുണച്ചു. 50-50 സെനറ്റിൽ ഡെമോക്രറ്റുകളിൽ നിന്ന് പൂർണ പിന്തുണയുടെയും 7 റിപ്പബ്ലിക്കന്മാരുടെ പിന്തുണയുടെയും ഫലമായി മൂർത്തിക്ക് 57 വോട്ടുകൾ ലഭിച്ചു.
അടുത്തിടെ നടന്ന വെടിവയ്പ്പിനെ ‘പൊതുജനാരോഗ്യ പ്രതിസന്ധി’ എന്ന് വിശേഷിപ്പിക്കുകയും തോക്ക് ഉടമസ്ഥാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഭൂരിഭാഗവും മൂർത്തിയുടെ നിയമനത്തെ എതിർത്തത്.
കൊളറാഡോയിൽ നടന്ന കൂട്ട വെടിവയ്പിൽ ഒറ്റ ദിവസം പത്ത് പേർ കൊല്ലപ്പെടുകയും, ഒരാഴ്ച മുമ്പ് അറ്റ്ലാന്റയിൽ എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തത് കണക്കാക്കിയാണ് തോക്ക് നിയന്ത്രണം നിർദ്ദേശിച്ചത്. 1997 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിക്കൽ സയൻസസിൽ ബിരുദം നേടിയ മൂർത്തി, യേൽ സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് എംഡിയും യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും നേടി.
ഡോക്ടർസ് ഓഫ് അമേരിക്കയുടെ സഹ- സ്ഥാപകനും പ്രസിഡന്റുമായ മൂർത്തി, ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ബ്രിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ ഫിസിഷ്യനും ഇൻസ്ട്രക്ടറുമായി 2006 മുതൽ പ്രവർത്തിക്കുന്നു. 2011 ൽ അദ്ദേഹം അഡ്വൈസറി ഗ്രൂപ് ഓഫ് പ്രിവൻഷൻ, ഹെൽത്ത് പ്രൊമോഷൻ, ആൻഡ് ഇന്റഗ്രേറ്റീവ് പബ്ലിക് ഹെൽത്തിൽ അംഗമായി നിയമിതനായിരുന്നു.
ഇന്ത്യയിലും യു എസിലും എച്ച്ഐവി എയ്ഡ്സ് വിദ്യാഭ്യാസം കേന്ദ്രീകരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിഷൻസ് വേൾഡ് വൈഡ് എന്ന സ്ഥാപനം തുടങ്ങിയവരിൽ ഒരാളും 1995 മുതൽ 2000 വരെ പ്രസിഡന്റ് സ്ഥാനത്തും 2003 ൽ ചെയര്മാന് സ്ഥാനത്തും പ്രവർത്തിച്ച ആൾകൂടിയാണ്.
ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിന്റെ മേധാവിയായി കാബിനറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട നീര ടണ്ഠന്, ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ പോലും എതിർത്തപ്പോൾ പിന്മാറേണ്ടി വന്നു. ഇന്ത്യൻ അമേരിക്കക്കാരിയായ വനിത ഗുപ്തയുടെ അസോസിയേറ്റ് അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള സ്ഥിരീകരണം, പോലീസ് വകുപ്പുകൾക്ക് ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള പ്രചാരണത്തെ പിന്തുണച്ചതുകൊണ്ടും റിപ്പബ്ലിക്കൻ നേതാക്കൾക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിലുമാണ് തടസ്സപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: