തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പ്. തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് രാത്രി വൈകിയും പരിശോധന നടത്തി. കിഫ്ബി സ്വകാര്യ കമ്പനികളുമായി നടത്തിയിട്ടുള്ള കരാറുകള്‍, ഫണ്ട് എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം തേടിയിരുന്നു. അതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ ആസ്ഥാനത്തെത്തി പത്ത് മണിക്കൂറോളം പരിശോധന നടത്തിയത്.
കരാറുകാര്‍ നികുതി വെട്ടിച്ചോയെന്നതിന്റെ വിശദാംശങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. ഇത് കൂടാതെ ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്രകോടിയുടെ പദ്ധതികളാണ് നടപ്പാക്കിയതെന്നാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വിവിധ വകുപ്പുകള്‍ നല്‍കിയിരുന്നു.
രാത്രി എറെ വൈകിയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നതില്‍ ഒരു അസ്വഭാവികതയുമില്ലെന്നാണ് കിഫ്ബി ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ കിഫ്ബിയെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കിഫ്ബിയുടെ സാമ്പത്തിക കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നതിനെതിരെ തോമസ് ഐസക് ഇതിനു മുമ്പും രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: